ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവതാരങ്ങളായ സായ് സുദര്‍ശന്‍, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത ഒന്നാം ഇന്നിങ്സ് ടോട്ടല്‍ സ്വന്തമാക്കിയത്.
സായ് 151 പന്തില്‍ 61 റണ്‍സും ജെയ്സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി. 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 41 റണ്‍സടിച്ച ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. പരിക്കിന്റെ പിടിയിലായിരുന്നിട്ടും രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 75 പന്തില്‍ 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും പന്തിന് സാധിച്ചു. സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ വിസിറ്റിങ് വിക്കറ്റ് കീപ്പറാകാനാണ് പന്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ സാക്ഷാല്‍ എം.എസ്. ധോണിയെ വീഴ്ത്തിയാണ് പന്ത് ഒന്നാമനായത്.
സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ വിസിറ്റിങ് വിക്കറ്റ് കീപ്പര്‍
റിഷബ് പന്ത് – 14
എം.എസ്. ധോണി – 13
മാത്രമല്ല ഈ നേട്ടത്തിന് പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനും പന്തിന് സാധിച്ചു. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പമെത്താനും പന്തിന് സാധിച്ചു. 90 സിക്‌സറാണ് ഇരുവരും നേടിയത്.
സ്റ്റോക്സിന് പുറമെ ജോഫ്രാ ആര്‍ച്ചറും മികച്ച പ്രകടനം കാഴ്ചവെച്ചു. റിഷബ് പന്തിന്റേതടക്കം മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ക്രിസ് വോക്സും ലിയാം ഡോവ്സണുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: India VS England: Rishabh Pant In Great Record Achievement In SENA Test