വെട്ടിക്കൂട്ടിയത് സാക്ഷാല്‍ ധോണിയെ; പന്തിന്റെ താണ്ഡവത്തില്‍ പിറന്നത് വമ്പന്‍ റെക്കോഡ്
Sports News
വെട്ടിക്കൂട്ടിയത് സാക്ഷാല്‍ ധോണിയെ; പന്തിന്റെ താണ്ഡവത്തില്‍ പിറന്നത് വമ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st June 2025, 5:24 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ദിനം തുടരുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 102 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സാണ് ഇന്ത്യ നേടിയത്.

അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ്. 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 147 റണ്‍സാണ് ക്യാപ്റ്റന്‍ ഗില്‍ നേടിയത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗില്‍ തന്റെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടില്‍ നേടിയത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ജോഷ് ടംങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

താരത്തിന് പുറമെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്. താരം 99 റണ്‍സില്‍ നില്‍ക്കവെ നേരിട്ട 146ാം പന്തില്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഏഴാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു.

മാത്രമല്ല ഇതിന് പുറമെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വൈസ് ക്യാപ്റ്റന്‍ പന്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഈ റെക്കോഡില്‍ ഇന്ത്യന്‍ ഇതിഹാസം എം.എസ്. ധോണിയെ മലര്‍ത്തിയടിച്ചാണ് പന്ത് ഒന്നാമത് എത്തിയത്.

ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം

റിഷബ് പന്ത് – 7

എം.എസ്. ധോണി – 6

വൃദ്ധിമാന്‍ സാഹ – 3

ബുദ്ധി കുണ്ഠരന്‍ – 2

സൈദ് കിര്‍മാണി – 2

ഫറോഖ് എഞ്ചിനീര്‍ – 2

78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം. അതേസമയം 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ് ജെയ്‌സ്വാള്‍ മടങ്ങിയത്. ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ പൂജ്യം റണ്‍സിന് പുറത്തായത് ആരാധകരെ ഏറെ നിരാശയിലാക്കി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍

Content Highlight: India VS England: Rishabh Pant In Great Record Achievement