ധോണി വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്ക് പന്തും; നേടിയത് മിന്നും റെക്കോഡ്!
Sports News
ധോണി വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്ക് പന്തും; നേടിയത് മിന്നും റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd June 2025, 5:43 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ 471 റണ്‍സാണ് നേടിയത്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ഹാരി ബ്രൂക്കും (52), ജെയ്മി സ്മിത്തുമാണ് (23).

ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയത് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. ഇന്നിങ്‌സിന്റെ ഓപ്പണിങ് ഓവറിന്റെ അവസാന പന്തില്‍ സാക്ക് ക്രോളിയെ കരുണ്‍ നായരുടെ കയ്യിലെത്തിച്ച് കൂടാരം കയറ്റിയാണ് ബുംറ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. നാല് റണ്‍സ് മാത്രമാണ് താരം നേടിയത്.

ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്. എന്നാല്‍ ഇന്ത്യ പേടിച്ചിരുന്ന വിദഗ്ധനായ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ 28 റണ്‍സിന് കരുണ്‍ നായരുടെ കയ്യിലെത്തിച്ച് ബുംറ വീണ്ടും തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയ ഒല്ലി പോപ്പിന്റെ വിക്കറ്റ് നേടി പ്രസിദ്ധ് കൃഷ്ണയും മികവ് പുലര്‍ത്തി. 106 റണ്‍സ് നേടി നില്‍ക്കെ കീപ്പര്‍ റിഷബ് പന്തിന്റെ കയ്യിലാകുകയായിരുന്നു പോപ്പ്.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയും നഷ്ടപ്പെട്ടിരിക്കുകയാണ്. 20 റണ്‍സ് നേടി നില്‍ക്കെ മുഹമ്മദ് സിറാജിന്റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഇതോടെ പന്ത് ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 150 ക്യാച്ച് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനാണ് പന്തിന് സാധിച്ചത്. മാത്രമല്ല എം.എസ്. ധോണി ഒന്നാമനായുള്ള ഈ റെക്കോഡ് ലിസ്റ്റില്‍ മൂന്നാമനാകാനും പന്തിന് സാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

എം.എസ്. ധോണി – 256

സൈദ് കിര്‍മാണി – 160

റിഷബ് പന്ത് – 150*

കിരണ്‍ മോര്‍ – 110

ഒന്നാം ഇന്നിങ്സില്‍ യശസ്വി ജെയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. കെ.എല്‍. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: India VS England: Rishabh Pant In Great Record Achievement