തുടക്കം മുതല്‍ ഇന്ത്യയുടെ തീരുമാനം ഇഷ്ടപ്പെട്ടില്ല; വിമര്‍ശനവുമായി പോണ്ടിങ്
Cricket
തുടക്കം മുതല്‍ ഇന്ത്യയുടെ തീരുമാനം ഇഷ്ടപ്പെട്ടില്ല; വിമര്‍ശനവുമായി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th July 2025, 3:41 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. നിര്‍ണായക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.

അതേസമയം രണ്ടാം ദിനം ഇംഗ്ലണ്ടിന് സാക് ക്രോളിയേയും (113 പന്തില്‍ 84) ബെന്‍ ഡക്കറ്റിനേയുമാണ് ( 100 പന്തില്‍ 94) നഷ്ടമായത്. മികച്ച ഇന്നിങ്സ് കളിച്ചാണ് ഇരുവരും കളം വിട്ടത്. ബെന്‍ ഡക്കറ്റ് സെഞ്ച്വറിക്കടുത്ത് എത്തിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. ക്രോളിയെ രവീന്ദ്ര ജഡേജയാണ് കുരുക്കിയത്. നിലവില്‍ ഒല്ലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിലുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ബൗളിങ് ആരംഭിച്ചത് ജസ്പ്രീത് ബുംറയും അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജുമായിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരവും പരിശീലകനുമായ റിക്കി പോണ്ടിങ്. അന്‍ഷുല്‍ കാംബോജിന് ന്യൂ ബോള്‍ നല്‍കേണ്ടിയിരുന്നില്ലെന്നും ബുംറക്കും കാംബോജിനും റണ്‍സ് വഴങ്ങേണ്ടി വന്നെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

‘അവര്‍ വിക്കറ്റിന്റെ ഇരുവശത്തും റണ്‍സ് നേടി. പോപ്പിനെതിരെ അവര്‍ എങ്ങനെ പന്തെറിഞ്ഞുവെന്ന് ഞങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തു. അവരുടെ തന്ത്രങ്ങളും ശരിയല്ലെന്ന് ഞാന്‍ കരുതുന്നു. കാംബോജിന് പുതിയ പന്ത് നല്‍കേണ്ടതായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

തുടക്കം മുതല്‍ തന്നെ എനിക്ക് ആ തീരുമാനം ഇഷ്ടപ്പെട്ടില്ല. ഡക്കറ്റിന്റെ ആദ്യത്തെ ആറ് ബൗണ്ടറികളില്‍ അഞ്ചെണ്ണം ലെഗ് സൈഡില്‍ സ്‌ക്വയറിന് പിന്നിലായിരുന്നു. തന്ത്രങ്ങള്‍ തെറ്റിച്ചാണ് അവര്‍ പന്തെറിയുന്നത്. ബുംറ തെറ്റായ എന്‍ഡില്‍ നിന്നാണ് പന്തെറിഞ്ഞതെന്ന് ഞാന്‍ കരുതുന്നു. അതിനാലാണ് അവന്റെ എക്‌സിക്യൂഷന്‍ പിഴച്ചത്,’ പാണ്ടിങ് സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവതാരങ്ങളായ സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കിയത്.

സായ് 151 പന്തില്‍ 61 റണ്‍സും ജെയ്‌സ്വാള്‍ 107 പന്തില്‍ 58 റണ്‍സും നേടി. 46 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 41 റണ്‍സടിച്ച ഷര്‍ദുല്‍ താക്കൂറിന്റെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. പരിക്കിന്റെ പിടിയിലായിരുന്നിട്ടും രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 75 പന്തില്‍ 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്.

Content Highlight: India VS England: Rickey Ponting Criticize India’s Opening Bowling