അപൂര്‍വ ലിസ്റ്റിലെ ആദ്യ ഇന്ത്യക്കാരനായി ജഡ്ഡു; വിമര്‍ശനങ്ങളെയെല്ലാം അടിച്ചുപറത്തിയിട്ടുണ്ട്!
Sports News
അപൂര്‍വ ലിസ്റ്റിലെ ആദ്യ ഇന്ത്യക്കാരനായി ജഡ്ഡു; വിമര്‍ശനങ്ങളെയെല്ലാം അടിച്ചുപറത്തിയിട്ടുണ്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd July 2025, 6:35 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം തുടങ്ങിയപ്പോള്‍ 111 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 420 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വാഷിങ്ണ്‍ സുന്ദറുമാണ്. ക്യാപ്റ്റന്‍ ഗില്‍ 274 പന്തില്‍ നിന്ന് 157* റണ്‍സാണ് നിലവില്‍ നേടിയത്. 14 ഫോര്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ബാറ്റിങ്. മികച്ച ബാറ്റിങ് പുറത്തെടുത്താണ് ഗില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

മാത്രമല്ല മത്സരത്തില്‍ ഏഴാമനായി ഇറങ്ങിയ ജഡേജ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് നേടിയാണ് പുറത്തായത്. 137 പന്തില്‍ 10 ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 89* റണ്‍സ് നേടിയാണ് താരം ജോഷ് ടംഗിന് ഇരയായി മടങ്ങിയത്. മാത്രമല്ല റെഡ് ബോളില്‍ തന്റെ 23ാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. ആദ്യ ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച ജഡ്ഡു വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തുന്ന പ്രകടനമാണ് നടത്തിയത്. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ 700 റണ്‍സും 25 വിക്കറ്റുകളും നേടിയ താരങ്ങളുടെ അപൂര്‍വ പട്ടികയില്‍ ഇടം നേടാനാണ് ജഡേജയ്ക്ക് സാധിച്ചത്. ഇംഗ്ലണ്ടില്‍ 700+ റണ്‍സും 25+ വിക്കറ്റുകളും നേടുന്ന ഏക ഇന്ത്യക്കാരനും ജഡേജയാണ്.

ഇംഗ്ലണ്ട് ടെസ്റ്റില്‍ 700+ റണ്‍സും 25+ വിക്കറ്റും നേടിയ സന്ദര്‍ശക കളിക്കാര്‍

ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) – 1820 റണ്‍സും 62 വിക്കറ്റുകളും

ചാള്‍സ് മക്കാര്‍ട്ട്‌നി (ഓസ്‌ട്രേലിയ) – 1118 റണ്‍സും 28 വിക്കറ്റുകളും

മോണ്ടി നോബല്‍ (ഓസ്‌ട്രേലിയ) – 848 റണ്‍സും 37 വിക്കറ്റും

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 848 റണ്‍സും 39 വിക്കറ്റുകളും

രവീന്ദ്ര ജഡേജ (ഇന്ത്യ) 739* റണ്‍സും 28 വിക്കറ്റുകളും

മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സ് നേടിയാണ് മടങ്ങിയത്. കെ.എല്‍. രാഹുല്‍ രണ്ട് റണ്‍സിനും കരണ്‍ നായര്‍ 31 റണ്‍സിനും പുറത്തായി. പ്രതീക്ഷ നിലനിര്‍ത്താതെ പന്ത് 25 റണ്‍സിനും അവസരം മുതലാക്കാന്‍ സാധിക്കാതെ നിതീഷ് കുമാര്‍ റെഡ്ഡി ഒരു റണ്‍സിനും വിക്കറ്റ് നഷ്ടപ്പെടുത്തി. രേഹുലിന്റേയും റെഡ്ഡിയുടേയും വിക്കറ്റ് വീഴ്ത്തിയത് ക്രിസ് വോക്‌സാണ്. നിലവില്‍ ബ്രൈഡന്‍ കാഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, ഷൊയ്ബ് ബഷീര്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം നേടി.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത്(വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍

Content Highlight: India VS England: Ravindra Jadeja In Great Record Achievement In England Test