അടുത്ത മൂന്ന് വര്‍ഷത്തേക്ക് അവനെ ക്യാപ്റ്റനാക്കണം: തുറന്ന് പറഞ്ഞ് രവി ശാസ്ത്രി
Sports News
അടുത്ത മൂന്ന് വര്‍ഷത്തേക്ക് അവനെ ക്യാപ്റ്റനാക്കണം: തുറന്ന് പറഞ്ഞ് രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 8:24 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.

മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെ കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാകില്ല. വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.

ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഗില്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലും ക്യാപ്റ്റന്‍സിയിലും ഒരുപാട് മുന്നോട്ട് പോയെന്ന് പറയുകയാണ് ശാത്രി. മാത്രമല്ല പരമ്പരയില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി മാറ്റങ്ങള്‍ വരുത്തരുതെന്നും മൂന്ന് വര്‍ഷം ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമെന്നും മുന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

‘അവന്‍ വളരെയധികം വളര്‍ന്നു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലും പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്ന രീതിയിലും, വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്ന രീതിയിലും അവന്‍ വളരെ ദൂരം പിന്നിട്ടിരിക്കുന്നു. മൂന്ന് വര്‍ഷം അവനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുക. പരമ്പരയില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി മാറ്റങ്ങള്‍ വരുത്തരുത്. മൂന്ന് വര്‍ഷം അവനോടൊപ്പം നില്‍ക്കൂ,’ ശാസ്ത്രി വിസ്ഡനോട് പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. കൂടാതെ കരുത്തില്ലാത്ത ലോവര്‍ ഓര്‍ഡറും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വിനയായിരുന്നു. ഇതോടെ ആദ്യ ടെസ്റ്റിലെ പിഴവുകള്‍ തിരുത്തി ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: India VS England: Ravi Shastri Talking About Shubhman Gill