ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ 471 റണ്‍സാണ് നേടിയത്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്. 465 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 21 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. മൂന്നാം ഓവറിനെത്തിയ ബ്രൈഡന്‍ കാഴ്‌സ് യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കിയാണ് തുടങ്ങിയത്. 4 റണ്‍സായിരുന്നു ജെയ്‌സ്വാള്‍ നേടിയത്. 30 റണ്‍സ് നേടി സായി സുദര്‍ശന്‍ സ്റ്റോക്‌സിന്റെ പന്തിലും പുറത്തായി. നിലവില്‍ ക്രീസിലുള്ളത് കെ.എല്‍. രാഹുലും (46), ശുഭ്മന്‍ ഗില്ലുമാണ് (4). മാത്രമല്ല നിലവില്‍ 92 റണ്‍സിന്റെ റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. എന്നാല്‍ ബുംറയുടെ പന്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരുപാട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് വലിയ തിരിച്ചടിയായിരുന്നു.
ഇനിയെങ്കിലും സഹ താരങ്ങള്‍ ബുംറയ്ക്ക് പിന്തുണ നല്‍കണമെന്ന് പറയുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.
‘പരമ്പര പുരോഗമിക്കുമ്പോള്‍ ബുംറയുടെ ജോലിഭാരത്തെ സംബന്ധിച്ച് എനിക്ക് ആശങ്കയുണ്ട്. കാരണം എറിയുന്ന ഓരോ സ്‌പെല്ലിലും വിക്കറ്റ് വീഴ്ത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി അദ്ദേഹമാണ്. ഇനിയെങ്കിലും ബുംറയ്ക്ക് സഹബോളര്‍മാരുടെ പിന്തുണ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ രവി ശാസ്ത്രി പറഞ്ഞു.
ബുംറയ്ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് (40) എന്നിവരെയാണ് പ്രസിദ്ധ് മടക്കിയയച്ചത്. അതേസമയം മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്സിന്റെയും (22 റണ്‍സ്), ബെന്‍ സ്റ്റോക്സിന്റെയും (20) വിക്കറ്റുകളും നേടി. മത്സരത്തില്‍ രവീന്ദ്ര ജഡേജയ്ക്കും ഷാര്‍ദുല്‍ താക്കൂറിനും വിക്കറ്റ് നേടാന്‍ സാധിച്ചില്ലായിരുന്നു.
Content Highlight: India VS England: Ravi Shastri Criticize Indian Players