ഇന്ത്യന്‍ ബൗളിങ് ആക്രമണം കൂടുതല്‍ പൈശാചികമാകും; വിലയിരുത്തലുമായി അശ്വിന്‍
Cricket
ഇന്ത്യന്‍ ബൗളിങ് ആക്രമണം കൂടുതല്‍ പൈശാചികമാകും; വിലയിരുത്തലുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th July 2025, 8:25 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ 10നാണ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം ആരംഭിക്കുക. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് വമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുവരും.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ മിന്നും പ്രകടനത്തിലുമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയത്. 336 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നേടിയത്.

മൂന്നാം മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ബൗളിങ് യൂണിറ്റിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ സംസാരിച്ചിരുന്നു. വിശ്രമത്തിന് ശേഷം ജസ്പ്രീത് ബുംറ തിരിച്ചുവരുന്നതോടെ ഇന്ത്യന്‍ ബൗളിങ് ആക്രമണം കൂടുതല്‍ ശക്തമാകുമെന്നും മുഹമ്മദ് സിറാജിന് പരിക്കിന്റെ ആശങ്ക ഇല്ലാത്തതിനാല്‍ വിശ്രമം നല്‍കാന്‍ സാധ്യതയില്ലെന്നും ആകാശ് ദീപും കൂടെ ചേരുമ്പോള്‍ ഇന്ത്യന്‍ ആക്രമണം പൈശാചികമാകുമെന്നും അശ്വിന്‍ വിലയിരുത്തി.

‘ഇത് നേരായ ഒരു മാറ്റമാണ്. സിറാജ് ധാരാളം ഓവറുകള്‍ എറിഞ്ഞിട്ടുണ്ടെന്ന് ആളുകള്‍ക്ക് പറയാം. അപ്പോള്‍ സിറാജിന് വിശ്രമം നല്‍കാമോ? സിറാജിന് വിശ്രമം നല്‍കുമെന്ന് ഞാന്‍ കരുതുന്നില്ല. സിറാജ് ധാരാളം ഓവറുകള്‍ എറിഞ്ഞിട്ടുണ്ട്, അവന്റെ ആക്ഷന്‍ ബുംറയെപ്പോലെ വ്യത്യസ്തമല്ല.

അതിനാല്‍ സിറാജിന് പരിക്കിന്റെ സാഹചര്യം കുറവാണ്. പരമ്പരയില്‍ 1-1 എന്ന നിലയില്‍ സിറാജ് കളിക്കണം. സിറാജ്, ആകാശ്ദീപ്, ബുംറ എന്നിവര്‍ വരുന്നതോടെ, ഈ ഇന്ത്യന്‍ ആക്രമണം പൈശാചികമാകും. പൈശാചികമാണ് ശരിയായ വാക്ക്. ഒരു പിച്ചില്‍ അല്‍പ്പം സഹായം ഉണ്ടെങ്കില്‍ അത് പൈശാചികമായി തോന്നുന്നു.

സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞതുപോലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എന്തായാലും ലോര്‍ഡ്സില്‍ ധാരാളം എല്‍.ബി.ഡബ്ല്യു ലഭിച്ചേക്കും. അവര്‍ പാഡുകളെ കൂടുതല്‍ വെല്ലുവിളിക്കും. ഇത് എഡ്ജുകളും കളിക്കളത്തിലുണ്ടെന്ന് ഉറപ്പാക്കും,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ ആര്‍ച്ചര്‍ ജോഷ് ടംഗിന് പകരമായാണ് ഇംഗ്ലണ്ട് ഇലവനിലെത്തിയത്.

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജൊയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍

Content Highlight: India VS England: R. Ashwin Talking About Power Of Indian Bowling Unit