ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ആദ്യ രണ്ട് ഇന്നിങ്‌സിലും മിന്നും പ്രകടനമാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ പന്ത് 134 (178) റണ്‍സാണ് സ്വന്തമാക്കിയത്. ആറ് സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് പന്ത് സെഞ്ച്വറിയടിച്ചത്.
രണ്ടാം ഇന്നിങ്സിലും താരം സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിച്ചു. 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് താരം നേടിയത്. അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പന്ത് നിര്‍ണായക പങ്കാണ് വഹിച്ചത്. രണ്ടാം ഇന്നിങ്സിലെ പ്രകടനത്തില്‍ പന്തിന് എട്ടാമത്തെ സെഞ്ച്വറി നേടാനും സാധിച്ചു.
ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ പ്രകടനങ്ങളെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. പന്ത് ക്രിക്കറ്റിലെ അപൂര്‍വം ചില താരങ്ങളില്‍ ഒരാളാണെന്നും പന്തിനെ വിരാട് കോഹ്ലിയെ പോലുള്ള താരങ്ങളുമായി താരതമ്യപ്പെടുത്താം എന്നുമാണ് അശ്വിന്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘റിഷബ് പന്തിനെ വിരാട് കോഹ്ലിയെ പോലുള്ള താരങ്ങളുമായി താരതമ്യം ചെയ്യാം. പന്ത് ഒരു പ്രധാന ബാറ്ററാണ്. കാരണം അവന് ഒരുപാട് സമയമുണ്ട്. സ്‌പെഷ്യല്‍ ബാറ്റര്‍മാരില്‍ ചില താരങ്ങള്‍ക്ക് കളിക്കളത്തിലെ സാഹചര്യം പെട്ടെന്ന് തന്നെ മനസിലാക്കി കളിക്കാനുള്ള കഴിവുണ്ട്. അത്തരം താരങ്ങള്‍ വേഗത്തില്‍ അവരുടേതായ സ്ഥാനങ്ങളില്‍ ഉണ്ടാക്കിയെടുക്കും. അത്തരമൊരു പ്രത്യേക കഴിവുള്ള അപൂര്‍വ താരങ്ങളില്‍ ഒരാളാണ് പന്ത്,’ ആര്‍. അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ജൂലൈ രണ്ടിന് പുറത്ത് വിടും.
Content Highlight: India VS England: R. Ashwin Praises Rishabh Pant