കൃഷ്ണ...കൃഷ്ണ, തലങ്ങും വിലങ്ങും അടി കിട്ടി; ടെസ്റ്റ് ചരിത്രത്തിലെ മോശം റെക്കോഡില്‍ ഇവന്‍ ഒന്നാമന്‍!
Sports News
കൃഷ്ണ...കൃഷ്ണ, തലങ്ങും വിലങ്ങും അടി കിട്ടി; ടെസ്റ്റ് ചരിത്രത്തിലെ മോശം റെക്കോഡില്‍ ഇവന്‍ ഒന്നാമന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th July 2025, 7:58 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 63 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് നേടിയത്. തുടരെ വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് മധ്യ നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്രീസിലുള്ള ജെയ്മി സ്മിത്തും ഹാരി ബ്രൂക്കും കാഴ്ചവെക്കുന്നത്. ജെയ്മി 142 പന്തില്‍ നിന്ന് 148 റണ്‍സും ഹാരി 164 പന്തില്‍ 114 റണ്‍സും നേടിയാണ് വമ്പന്‍ പ്രകടനം കാഴ്ചവെക്കുന്നത്. 84 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിനെ ഇരുവരും കരകയറ്റിയത്.

ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചാണ് ഇരുവരും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. പ്രസിദ്ധ് കൃഷ്ണയുടെ ഓവറില്‍ 23 റണ്‍സ് നേടിക്കൊണ്ടും സ്മിത് താണ്ഡവമാടിയിരുന്നു. ഇതോടെ ഒരു മോശം റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം എക്കോണമി റേറ്റുള്ള താരമാകാനാണ് പ്രസിദ്ധ് കൃഷ്ണയ്ക്ക് സാധിച്ചത് (മിനിമം 500 പന്ത്).

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം എക്കോണമി റേറ്റുള്ള താരങ്ങള്‍

പ്രസിദ്ധ് കൃഷ്ണ (ഇന്ത്യ) – 5.28

വരുണ്‍ ആരോണ്‍ (ഇന്ത്യ) – 4.77

സാഹീര്‍ ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 4.66

ആമെര്‍ ജമാല്‍ (പാകിസ്ഥാന്‍) – 4.63

നാഹിദ് റാണ (ബംഗ്ലാദേശ്) – 4.59

അതേസമയം മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), സാക്ക് ക്രോളി (19) എന്നിവരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഡക്കറ്റിന്റേയും പോപ്പിന്റെയും വിക്കറ്റ് നേടിയത് ആകാശ് ദീപാണ്. ക്രോളിയുടെ വിക്കറ്റ് സിറാജും നേടി.

ശേഷം മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ജോ റൂട്ടിനെ (46 പന്തില്‍ 26 റണ്‍സ്) സിറാജ് റിഷബ് പന്തിന്റെ കയ്യിലെത്തിച്ച് മികച്ച തുടക്കമാണ് നല്‍കിയത്. മാത്രമല്ല ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പൂജ്യം റണ്‍സിന് പന്തിന്റെ കയ്യിലെത്തിച്ച് വീണ്ടും സിറാജ് തിളങ്ങി. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ 387 പന്തുകള്‍ നേരിട്ട് 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മൂന്ന് സിക്സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്. ജഡേജയും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഏഴാമനായി ഇറങ്ങി ഒരു സിക്സറും പത്ത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റണ്‍സിന്റെ കൂട്ടുകെട്ടും സ്പിന്‍ ഓള്‍ റൗണ്ടര്‍ പടുത്തുയര്‍ത്തിയിരുന്നു.

Content Highlight: India VS England: Prasid Krishna In Unwanted Record Achievement