ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം ലോഡ്‌സില്‍ നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്. രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി നേരിട്ട ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായിട്ടാണ് കളത്തിലിറങ്ങിയത്.
നിലവില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രീ ലയണ്‍സ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് നേടിയത്.
മികച്ച തുടക്കം പ്രതീക്ഷിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ടീം സ്‌കോര്‍ 43ന് നില്‍ക്കുമ്പോള്‍ 13.3ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 23 റണ്‍സിനാണ് താരം മടങ്ങിയത്.
അധികം വൈകാതെ ഓവറിലെ അവസാന പന്തില്‍ സാക് ക്രോളിയേയും എഡ്ജില്‍ കുരുക്കി റെഡ്ഡി ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ കയ്യിലെത്തിച്ചാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ റെഡ്ഡി തിരിച്ചയച്ചത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് ഓവറാണ് റെഡ്ഡി എറിഞ്ഞത്. ബുംറ എട്ട് ഓവറും ആകാശ് ദീപ് ഏഴും സിറാജ് അഞ്ചും ഓവറാണ് ചെയ്തത്.
ബുംറയും മുഹമ്മദ് സിറാജും ആകാശ് ദീപും ഉള്‍പ്പെടുന്ന ബൗളിങ് അറ്റാക്കാണ് ഇന്ത്യയുടെ ഏറ്റവും വലിയ പോസറ്റീവ്. ഇപ്പോള്‍ റെഡ്ഡി കൂടെ ഫോമിലേക്കെത്തിയപ്പോള്‍ ലഞ്ചിന് ശേഷം ഇന്ത്യ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് 12 റണ്‍സ് നേടിയ ഒല്ലി പോപ്പും 23 റണ്‍സ് നേടിയ ജോ റൂട്ടുമാണ്.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്