റണ്‍ ചേസുകളില്‍ അവനായിരുന്നു മികച്ചത്, ഇന്ത്യ പുതിയ ആളെ കണ്ടെത്തണം; തുറന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍
Cricket
റണ്‍ ചേസുകളില്‍ അവനായിരുന്നു മികച്ചത്, ഇന്ത്യ പുതിയ ആളെ കണ്ടെത്തണം; തുറന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th July 2025, 3:17 pm

ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി.

സ്‌കോര്‍
ഇംഗ്ലണ്ട്: 387 & 192

ഇന്ത്യ: 387 & 170 (T: 193)

അനായാസം വിജയിക്കാന്‍ സാധിക്കുന്ന മത്സരമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.

മത്സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തത് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായിരുന്നു. മാത്രമല്ല ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹൊസൈന്‍.

വിരാട് കോഹ്‌ലി വിരമിച്ചതിന് ശേഷം ഇന്ത്യയ്ക്ക് പുതിയ ഒരു വിരാടിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഹുസൈന്‍ പറഞ്ഞത്. വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ മികച്ച റണ്‍ ചേസറെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

‘വിരാട് കോഹ്ലി ഇല്ല ഇപ്പോള്‍. പഴയ ആള്‍ വിരമിച്ചതിനാല്‍ ഇന്ത്യ ഒരു പുതിയൊരു വിരാട് കോഹ്‌ലിയെ കണ്ടെത്തേണ്ടതുണ്ട്. റണ്‍ ചേസുകളില്‍ അദ്ദേഹമായിരുന്നു മാസ്റ്റര്‍,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. നാലാം ദിവസത്തെ മത്സരം പൂര്‍ത്തിയാകും മുമ്പേ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപുമടക്കമുള്ള നാല് വിക്കറ്റുകളാണ് നാലാം ദിവസം അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

അഞ്ചാം ദിവസം തുടക്കത്തിലേ റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയും നഷ്ടപ്പെട്ട ഇന്ത്യ പരാജയം മുമ്പില്‍ കണ്ടു. 41/1 എന്ന നിലയില്‍ നിന്നും 82/7 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എന്നാല്‍ ഒരു വശത്ത് നിന്ന് രവീന്ദ്ര ജഡേജ പൊരുതിയതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയും കൈവന്നു.

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനൊപ്പം ചേര്‍ന്ന് ചെറുത്തുനിന്നെങ്കിലും വിജയലക്ഷ്യത്തിന് 22 റണ്‍സകലെ ഇന്ത്യയ്ക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

Content Highlight: India VS England: Nassar Hussain Talking About Virat Kohli