ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ 1-2ന് പിന്നിലാണ്. ലീഡ്സിലും ലോര്‍ഡ്സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയം സ്വന്തമാക്കി. ലോര്‍ഡ്സില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു സന്ദര്‍ശകര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.
ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി. പരമ്പര കൈവിടാതെ കാക്കണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
ഈ മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബുംറ കളത്തിലിറങ്ങൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. താരത്തിന്റെ വര്‍ക്ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണിത്.
ഇപ്പോള്‍ ബുംറ തീര്‍ച്ചയായും നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങണമെന്നാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ പറയുന്നത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച ആക്രമണ നിരയെ കളിപ്പിക്കേണ്ട സമയമാണിതെന്നും ബുംറ അടുത്ത ടെസ്റ്റ് തീര്‍ച്ചയായും കളിക്കണമെന്നും പനേസര്‍ പറഞ്ഞു.
‘ജസ്പ്രീത് ബുംറ അടുത്ത മത്സരം കളിക്കണം. ഇന്ത്യയ്ക്ക് വിജയിക്കേണ്ട മത്സരമാണിത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച ആക്രമണ നിരയെ കളിപ്പിക്കേണ്ടതുണ്ട്. ബുംറ അടുത്ത ടെസ്റ്റ് തീര്‍ച്ചയായും കളിക്കണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേസും ബൗണ്‍സും ഉള്ള പിച്ചാണിത്. അതിനാല്‍ അവന്‍ കളിച്ചില്ലെങ്കില്‍ വലിയ നഷ്ടമാകും.
അര്‍ഷ്ദീപ് ആദ്യ ടെസ്റ്റ് കളിക്കാത്തതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. അവന്‍ മികച്ച ആംഗിളിലാണ് ബോളെറിയുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അവന്‍ ഫലപ്രദമായി ബോളെറിയും,’ മോണ്ടി പനേസര്‍ എ.എന്‍.ഐയോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: India VS England: Monty Panesar Talking About Jasprit Bumrah