ശരിയായ ലൈനും ലെങ്ത്തും ഉപയോഗിച്ചാല്‍ മാത്രമേ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയൂ; ഇന്ത്യന്‍ പേസറെ വിമര്‍ശിച്ച് കൈഫ്
Sports News
ശരിയായ ലൈനും ലെങ്ത്തും ഉപയോഗിച്ചാല്‍ മാത്രമേ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയൂ; ഇന്ത്യന്‍ പേസറെ വിമര്‍ശിച്ച് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 3:59 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ച എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ച പ്രകടനം നടത്താന്‍ മുഹമ്മദ് സിറാജിന് സാധിച്ചില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചത് ബുംറക്ക് മാത്രമാണ്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകളും സിറാജ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

എന്നാല്‍ എക്കോണമിയില്‍ ഇരുവര്‍ക്കും മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ പ്രസിദ്ധ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിരുന്നു. ജഡേജ ഒരു വിക്കറ്റും നേടി. എന്നാല്‍ ബുംറയ്ക്കും സിറാജിനും വിക്കറ്റ് നേടാന്‍ സാധിച്ചില്ല.

സിറാജ് രണ്ട് ഇന്നിങ്‌സിലും പ്രതീക്ഷിച്ചപോലെ കളിക്കാത്തതില്‍ മുന്‍ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സിറാജ് കഠിനമായി പരിശ്രമിച്ചുവെന്നും ഹൃദയം കൊണ്ടാണ് പന്തെറിഞ്ഞതെന്നും മറ്റുള്ളവര്‍ പറയുന്നത് തെറ്റാണെന്നും ഹൃദയം കൊണ്ടല്ല പന്തെറിയേണ്ടത്, മനസ് കൊണ്ടാണ് പന്തെറിയേണ്ടതെന്നും കൈഫ് പറഞ്ഞു. ശരിയായ ലൈന്‍ ആന്‍ഡ് ലെങ്ത് ഉപയോഗിച്ചാല്‍ മാത്രമേ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആളുകള്‍ പറയുന്നത് മുഹമ്മദ് സിറാജ് വളരെ കഠിനമായി പരിശ്രമിച്ചുവെന്നും ഹൃദയം കൊണ്ടാണ് പന്തെറിഞ്ഞതെന്നുമാണ്. സര്‍, ഹൃദയം കൊണ്ടല്ല പന്തെറിയേണ്ടത്, മനസ് കൊണ്ടാണ് പന്തെറിയേണ്ടത്. ശരിയായ ലൈന്‍ ആന്‍ഡ് ലെങ്ത് ഉപയോഗിച്ചാല്‍ മാത്രമേ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയൂ.

രണ്ടാം ഇന്നിങ്‌സില്‍ ബുംറ വിക്കറ്റ് വീഴ്ത്തിയില്ല, കാരണം ബാറ്റര്‍മാര്‍ മികച്ച പ്രതിരോധത്തിലായിരുന്നു. അവര്‍ കൃഷ്ണ, ഷര്‍ദുല്‍, സിറാജ് എന്നിവരെ പിന്തുടര്‍ന്ന് നേരിട്ടു. ബുംറ തുടര്‍ച്ചയായി 4-5 ഓവര്‍ എറിയുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകും. ബുംറയ്ക്കെതിരെ നന്നായി കളിച്ചാല്‍ മറ്റ് ബൗളര്‍മാരെ ആക്രമിക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് അറിയാം,’ മുഹമ്മദ് കൈഫ് പറഞ്ഞു.

മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെ കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാകില്ല. വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.

Content Highlight: India VS England: Mohammad Kaif Talking About Mohammad Siraj