ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.
രണ്ട് ഇന്നിങ്‌സിലും ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യ ഫീല്‍ഡില്‍ കാഴ്ചവെച്ചത്. ആറ് ക്യാച്ചുകളാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. സ്ലിപ്പിലും ഗള്ളിയിലും ഫീല്‍ഡ് ചെയ്ത യശസ്വി ജെയ്‌സ്വാളാണ് അതില്‍ മൂന്ന് ക്യാച്ചുകളും വിട്ടുകളഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയ ബുംറയുടെ പന്തിലായിരുന്നു ജെയ്‌സ്വാള്‍ മൂന്ന് ക്യാച്ചുകളും വിട്ടുകളഞ്ഞത്. ജെയ്വാളിന് പുറമെ ജഡേജയും ഷാര്‍ദുല്‍ താക്കൂറും ക്യാച്ചുകള്‍ നഷ്ടപ്പെട്ടിരുന്നു.
മൂന്ന് ക്യാച്ചുകള്‍ വിട്ടതോടെ ജെയ്‌സ്വാള്‍, ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുന്ന താരമായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജെയ്‌സ്വാള്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
ഫീല്‍ഡിങ് പരിശീലന ഘട്ടത്തില്‍ പരിക്ക് പറ്റിയാല്‍ കൈവിരലുകളില്‍ സ്ട്രാപ്പ് ധരിക്കാറുണ്ടെന്നും എന്നാല്‍ ഇത് വിരലുകളില്‍ കുടുങ്ങിക്കിടക്കുമെന്നും വിരലുകളുടെ മൂവ്‌മെന്റ് നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും കൈഫ് പറഞ്ഞു. മാത്രമല്ല സ്ട്രാപ്പില്‍ തട്ടി പന്ത് തുള്ളിപ്പോകുന്നതിനാല്‍ ക്യാച്ച് നഷ്ടപ്പെടുകയും ചെയ്യുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘എന്തുകൊണ്ടാണ് യശസ്വി ജയ്സ്വാള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത്? ഞങ്ങള്‍ ഡ്യൂക്കിന്റെ പന്ത് ഉപയോഗിച്ച് പരിശീലിക്കാറുണ്ട്, പരിക്കേല്‍ക്കുമ്പോള്‍ ഞങ്ങള്‍ ഒരു സ്ട്രാപ്പ് ധരിക്കുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിരലുകള്‍ കുടുങ്ങിക്കിടക്കുകയും വിരലുകള്‍ക്ക് സ്വതന്ത്രമായ ചലനശേഷി നഷ്ടമാകുകയും ചെയ്യും. ഇത് കാരണം ക്യാച്ചെടുക്കാന്‍ പറ്റില്ല.
കാരണം സ്ട്രാപ്പ് ഒരു സ്‌പോഞ്ചായി മാറുന്നു. അതുകൊണ്ട് പന്ത് കയ്യില്‍ നിന്ന് തുള്ളിപ്പോകും, അതാണ് പോരായ്മ. പന്തുമായുള്ള സ്വാഭാവിക ബന്ധം നഷ്ടപ്പെടരുത്,’ കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: India VS England: Mohammad Kaif Criticize Yashasvi Jaiswal