ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച കളിക്കാര്‍ അവനാണ്; ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി മൈക്കല്‍ വോണ്‍
Sports News
ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച കളിക്കാര്‍ അവനാണ്; ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th June 2025, 7:21 am

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റണ്‍സിന് തളച്ച് ഇംഗ്ലണ്ട് തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. മാത്രമല്ല ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 247 പന്ത് നേരിട്ട് 18 ഫോറുകള്‍ അടക്കം 137 റണ്‍സാണ്  സ്വന്തമാക്കിയത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും ക്യാപ്റ്റനുമായ മൈക്കല്‍ വോണ്‍. യുവതാരങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ ടീമിലെ സീനിയറാണ് കെ.എല്‍. രാഹുലെന്നും ബാറ്റിങ് നിരയില്‍ കെ.എല്‍. തന്നെയാണ് ഏറ്റവും മികച്ച കളിക്കാരനെന്നും വോണ്‍ പറഞ്ഞു.

‘ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഒരു സീനിയര്‍ താരമാണ്. യുവതാരങ്ങള്‍ നിറഞ്ഞ ടീമിലെ സീനിയറാണ് കെ.എല്‍. രാഹുല്‍. മറ്റ് ബാറ്റര്‍മാര്‍ മികച്ചവരാണ്. ബാറ്റിങ് നിരയില്‍ കെ.എല്‍. തന്നെയാണ് ഏറ്റവും മികച്ച കളിക്കാരന്‍. അദ്ദേഹത്തിന് ടെസ്റ്റ് ടെക്നിക്‌സ് ഉണ്ട്. മികച്ച കളിക്കാരെ ഞാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ മധ്യനിരയില്‍ കെ.എല്‍. രാഹുലിനെപ്പോലുള്ള ഒരു ബാറ്ററെ ആവശ്യമാണ്,’ മൈക്കല്‍ വോണ്‍ പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ രാഹുലിന് പുറകെ സെഞ്ച്വറി നേടിയാണ് റിഷബ് പന്തും തിളങ്ങിയത്. 140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഷോയ്ബ് ബഷീറിന്റെ പന്തില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്ത് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്‌സിലും പന്ത് സെഞ്ച്വറി നേടിയിരുന്നു.

Content Highlight: India VS England: Michael Vaughan Talking About K.L Rahul