ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുകയാണ് ഇന്ത്യ. ഇന്നിങ്‌സില്‍ 82 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കാഴ്ചവെച്ചത്. 162 പന്തില്‍ നിന്ന് 161 റണ്‍സാണ് താരം നേടിയത്. നേരിട്ട 129ാം പന്തിലാണ് ഗില്‍ തന്റെ എട്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഷൊയിബ് ബഷീറാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടേയും ടെസ്റ്റ് വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഗില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
‘ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുക എന്നത് ഇപ്പോള്‍ ഗില്‍, ജെയ്സ്വാള്‍, പന്ത് എന്നിവരുടെ കടമയാണ്. വിരാട് ഒറ്റയ്ക്ക് ചെയ്തതുപോലെ. ഇന്ത്യയ്ക്ക് ചില മികച്ച താരങ്ങളുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന് വിരാട് കോഹ്‌ലി നല്‍കിയതുപോലെ, വരും വര്‍ഷങ്ങളില്‍ കളിയുടെ മികച്ച ഒരു പാരമ്പര്യം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക് അവസരമുണ്ട്.
വിരാന്റെ സംഭാവനകള്‍ക്ക് അടുത്തെത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍, അവര്‍ മികച്ചത് തന്നെ നേടിയിരിക്കണം. ടീമിലെ രണ്ട് ഇതിഹാസങ്ങള്‍ വിരമിച്ചാലും, ടീം വിട്ടാലും പെട്ടെന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല.
എന്നിരുന്നാലും ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ശുഭ്മന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. ബാറ്റിങ്ങിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നില്ല,’ വോണ്‍ പറഞ്ഞു.
ഗില്ലിന് പുറമെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് മടങ്ങിയത്. 58 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സായിരുന്നു പന്ത് നേടിയത്. നിലവില്‍ 67 റണ്‍സ് നേടി ജഡേജയും വാഷിങ്ടണ്‍സുന്ദറുമാണ് (0) ക്രീസിലുള്ളത്.
Content Highlight: India VS England: Michael Vaughan Talking About Indian Test Team