ആ താരത്തെ ഉള്‍പ്പെടുത്തണം, പക്ഷെ വാഷിങ്ടണ്‍ സുന്ദറും ജഡേജയും ഫോമിലാണ്; തുറന്ന് പറഞ്ഞ് മൈക്കല്‍ ക്ലാര്‍ക്ക്
Cricket
ആ താരത്തെ ഉള്‍പ്പെടുത്തണം, പക്ഷെ വാഷിങ്ടണ്‍ സുന്ദറും ജഡേജയും ഫോമിലാണ്; തുറന്ന് പറഞ്ഞ് മൈക്കല്‍ ക്ലാര്‍ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th July 2025, 10:21 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റില്‍ 2 – 1ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്.

ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. എന്നിരുന്നാലും ജഡേജയും വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം നടത്തുമ്പോള്‍ കുല്‍ദീപിനെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നും ക്ലാര്‍ക്ക് ആശങ്ക ഉന്നയിച്ചു.

മാത്രമല്ല മൂന്നാം ടെസ്റ്റില്‍ ജഡേജ നന്നായി കളിച്ചെന്നും മറുവശത്ത് ഏതെങ്കിലും ഒരു താരം സ്ഥിരത കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയെ ജഡേജ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുമായിരുന്നെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ജഡേയുടെ സാന്നിധ്യത്തില്‍ ഇന്ത്യയ്ക്ക് തലയുയര്‍ത്തിപ്പിടിക്കാം. പക്ഷേ കുല്‍ദീപ് യാദവിനെ ആ ഇലവനില്‍ കാണാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു, മുമ്പും ഞാനിത് പറഞ്ഞിട്ടുണ്ട്. അവനെ ഉള്‍പ്പെടുത്തൂ. പക്ഷേ അതെങ്ങനെയാണെന്ന് എനിക്കറിയില്ല. വാഷിങ്ടണ്‍ സുന്ദര്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. ജഡേജയുടെ ബാറ്റിങ് അസാധാരണമാണ്. അദ്ദേഹം നിരവധി തവണ ഇന്ത്യയെ രക്ഷിച്ചിട്ടുണ്ട്.

മറ്റേ അറ്റത്ത് ആരെങ്കിലും പിടിച്ചുനിന്നിരുന്നെങ്കില്‍ അദ്ദേഹം ലക്ഷ്യം കാണുമെന്ന് തോന്നി. എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നി. ഇന്ത്യയോടും എനിക്ക് സഹതാപം തോന്നി. അത്തരം ഗെയിമുകള്‍ നിങ്ങള്‍ നേരിടേണ്ടിവരും,’ മൈക്കല്‍ ക്ലാര്‍ക്ക് പോഡ്കാസ്റ്റില്‍ പറഞ്ഞു.

Content Highlight: India VS England: Michael Clarke Talking About Kuldeep Yadav