ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.
ഇപ്പോള്‍ ഇന്ത്യയുടെ ബൗളിങ് യൂണിറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. ബൗളിങ്ങിന്റെ കാര്യത്തില്‍ ഒരു വ്യക്തിയേയും ഞാന്‍ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്നും ക്ലാര്‍ക്ക് പറഞ്ഞു. ബുംറ മികച്ച ബൗളറാണെന്നും എന്നാല്‍ മറ്റ് രണ്ട് ബൗളര്‍മാര്‍ വിക്കറ്റ് നേടാന്‍ ശ്രമിക്കണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ബൗളിങ്ങിന്റെ കാര്യത്തില്‍ ഒരു വ്യക്തിയേയും ഞാന്‍ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അവര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നു. അതിന് ഒരു തടസവുമില്ലെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഒരു വിക്കറ്റ് വേട്ടക്കാരനാണ്, അവന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധുക്കുമെന്ന് തോന്നുന്നു.
ബുംറ മികച്ച താരമാണ്, അദ്ദേഹമാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. പക്ഷെ മറ്റ് മൂന്ന് പേസര്‍മാരും വിക്കറ്റ് വീഴ്ത്താന്‍ കൂടുതല്‍ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ ഓപ്ഷനുകള്‍ കണ്ടെത്തേണ്ടതുണ്ട്. അവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമായിരിക്കും,’ മൈക്കല്‍ ക്ലാര്‍ക്ക് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്‍ ജൂലൈ രണ്ടിന് പുറത്ത് വിടും.
Content Highlight: India VS England: Michael Clarke Talking About Indian Bowling Unit