ഐ.പി.എല്‍ മാമാങ്കം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങൾ നിര്ണായകമാവുക സ്പിന്നർ കുൽദീപ് യാദവായിരിക്കുമെന്ന് പറയുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡൻ. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ കടുപ്പമേറിയതും ടീമിന്റെ ക്യാരക്റ്റർ പരിശോധിക്കുന്നതുമാകും എന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ കുൽദീപ് യാദവ് ഇന്ത്യയുടെ പ്രധാന ഘടകമാവുമെന്നും ഓസ്‌ട്രേലിയയ്ക്ക് ലിയോണിന്റെ സ്ഥിരത ഗുണം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോസ്റ്ററിൽ സംസാരിക്കുകയായിരുന്നു മാത്യു ഹെയ്ഡൻ.
‘ഇന്ത്യ ഇംഗ്ലണ്ടിലേക്ക് എന്ത് കൊണ്ടുവരുമെന്ന് അറിയാൻ എനിക്ക് ആകാംക്ഷയുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ കടുപ്പമേറിയതും ടീമിന്റെ ക്യാരക്റ്റർ പരിശോധിക്കുന്നതുമാകും. കുൽദീപ് യാദവ് ടെസ്റ്റിൽ അവരുടെ പ്രധാന ഘടകമാവും. അവന് 20 വിക്കറ്റുകൾ വീഴ്ത്താനാകും.
ഞങ്ങൾക്ക് ഇംഗ്ലണ്ടിൽ ലിയോണിന്റെ സ്ഥിരത ഗുണം ചെയ്തിരുന്നു. കഴിഞ്ഞ ആഷസിൽ അദ്ദേഹത്തിന്റെ അഭാവം വിശ്വസനീയമായ ഒരു സ്പിന്നർ ഇല്ലാത്തതിന്റെ ആഘാതം കാണിച്ചു തന്നു. എല്ലാ കാലത്തും മികച്ച ടീമുകൾക്ക് ഒരു പൊതു സ്വഭാവമുണ്ട്. അത് സ്ഥിരതയാണ്,’ ഹെയ്ഡൻ പറഞ്ഞു.