ഒരു മത്സരം ക്ഷണനേരംകൊണ്ട് തീര്‍ക്കാന്‍ അവന് കഴിയും; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പ്രശംസിച്ച് മാര്‍ക്ക് വുഡ്
Sports News
ഒരു മത്സരം ക്ഷണനേരംകൊണ്ട് തീര്‍ക്കാന്‍ അവന് കഴിയും; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പ്രശംസിച്ച് മാര്‍ക്ക് വുഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd June 2025, 7:38 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ 471 റണ്‍സാണ് നേടിയത്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ക്രിസ് വോക്‌സും (13), ബ്രൈഡന്‍ കാഴ്‌സുമാണ് (1).

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനമാണ് പ്രസിദ്ധ് കൃഷ്ണയും ജസ്പ്രീത് ബുംറയും കാഴ്ചവെക്കുന്നത്. മൂന്ന് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106 റണ്‍സ്), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് എന്നിവരെയാണ് പ്രസീത് മടക്കിയയച്ചത്. അതേസമയം ബുംറ ഓപ്പണര്‍മാരായ സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് എന്നിവരേയും പുറത്താക്കി മികച്ച ബ്രേക്ക് ത്രൂവാണ് ഇന്ത്യയ്ക്ക് നല്‍കിയത്. രണ്ടാം ദിനം അവസനിക്കുന്നതിനുള്ളിലാണ് ബുംറ മൂന്ന് വിക്കറ്റുകളും നേടിയത്.

ഇതോടെ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ബുംറയെ പ്രശംസിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. എല്ലാ ഫോര്‍മാറ്റുകളിലും ബുംറ അസാധാരണ ബൗളറാണെന്നും ബുംറയെ നേരിടാനും മനസിലാക്കാനും പ്രയാസമാണെന്നും വുഡ് പറഞ്ഞു. മാത്രമല്ല ഒരു മത്സരം ക്ഷണനേരംകൊണ്ട് തീര്‍ക്കാനുള്ള കഴിവ് ബുംറയ്ക്കുണ്ടെന്ന് പേസര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൈ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ ഫോര്‍മാറ്റുകളിലും ബുംറ അസാധാരണ ബൗളറാണ്. എല്ലാവര്‍ക്കും അദ്ദേഹം അഗുരുതരമായ ഒരു ഭീഷണിയാണ്. അദ്ദേഹത്തെ നേരിടാനും മനസിലാക്കാനും പ്രയാസമാണെന്ന് എനിക്ക് ആത്മാര്‍ത്ഥമായി പറയാന്‍ കഴിയും. അതിവേഗത്തില്‍ അദ്ദേഹം പന്തെറിയുന്നു. ഈ നിമിഷം വരെയും ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. ഒരു മത്സരം ക്ഷണനേരം കൊണ്ട് തീര്‍ക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്,’ മാര്‍ക്ക് വുഡ് സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഒന്നാം ഇന്നിങ്സില്‍ യശസ്വി ജെയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. കെ.എല്‍. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: India VS England: Mark Wood Praises Jasprit Bumrah