ഫുള്‍ ഓള്‍ പവറില്‍ ഇന്ത്യ, ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടിയും; കൊടുങ്കാറ്റായി ആകാശ് ദീപ്!
Sports News
ഫുള്‍ ഓള്‍ പവറില്‍ ഇന്ത്യ, ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടിയും; കൊടുങ്കാറ്റായി ആകാശ് ദീപ്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd July 2025, 10:24 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ 583 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട്.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ഇന്നിങ്‌സിന്റെ മൂന്നാം ഓവറിന് എത്തിയ ആകാശ് ദീപ് നാലാം പന്തില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പൂജ്യം റണ്‍സിന് ക്യാപ്റ്റന്‍ ഗില്ലിന്റെ കയ്യിലെത്തിച്ചാണ് ഇന്ത്യ തുടങ്ങിയത്.

ഇംഗ്ലണ്ട് സ്‌കോര്‍ 13ല്‍ നില്‍ക്കവെ തന്നെ തൊട്ടടുത്ത പന്തില്‍ ഒല്ലി പോപ്പിനെ ഗോള്‍ഡന്‍ ഡക്കാക്കി വീണ്ടും ആകാശ് തിളങ്ങി. ശേഷം മുഹമ്മദ് സിറാജ് 19 റണ്‍സ് നേടിയ ഓപ്പണര്‍ സാക് ക്രോളിയേയും മടക്കി വലിയ ഇംപാക്ട് ഉണ്ടാക്കി. നിലവില്‍ ക്രീസിലുള്ളത് ജോ റൂട്ടും (4), ഹാരി ബ്രൂക്കുമാണ്.

ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ഇരട്ട സെഞ്ച്വറി നേടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് ഗില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയത്. നേരിട്ട 311 പന്തില്‍ നിന്നാണ് ക്യാപ്റ്റന്‍ തന്റെ റെഡ് ബോള്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. മാത്രമല്ല കളം വിടുമ്പോള്‍ 387 പന്തില്‍ നിന്ന് 30 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 269 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്.

മാത്രമല്ല മത്സരത്തില്‍ ഏഴാമനായി ഇറങ്ങിയ ജഡേജ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് നേടിയാണ് പുറത്തായത്. 137 പന്തില്‍ 10 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 89 റണ്‍സ് നേടിയാണ് താരം ജോഷ് ടംഗിന് ഇരയായി മടങ്ങിയത്. ശേഷം ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ 103 പന്തില്‍ 42 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സ് നേടിയാണ് മടങ്ങിയത്. കെ.എല്‍. രാഹുല്‍ രണ്ട് റണ്‍സിനും കരണ്‍ നായര്‍ 31 റണ്‍സിനും പുറത്തായി. പ്രതീക്ഷ നിലനിര്‍ത്താതെ പന്ത് 25 റണ്‍സിനും അവസരം മുതലാക്കാന്‍ സാധിക്കാതെ നിതീഷ് കുമാര്‍ റെഡ്ഡി ഒരു റണ്‍സിനും വിക്കറ്റ് നഷ്ടപ്പെടുത്തി. രാഹുലിന്റേയും റെഡ്ഡിയുടേയും വിക്കറ്റ് വീഴ്ത്തിയത് ക്രിസ് വോക്സാണ്. ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റും നേടി. ബ്രൈഡന്‍ കാഴ്സ്, ബെന്‍ സ്റ്റോക്സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

Content Highlight: India VS England: Live Match Update On Tendulkar – Anderson Trophy