ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ 10നാണ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം ആരംഭിക്കുക. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് വമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുവരും.
രണ്ടാം മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ മിന്നും പ്രകടനത്തിലുമാണ് ഇന്ത്യയുടെ ചരിത്ര വിജയം. 336 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നേടിയത്.
മൂന്നാം ടെസ്റ്റിന് മുന്നോടിയായി സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലംണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഐ.പി.എല്ലില്‍ ദല്‍ഹിയുടെ മെന്ററായി പ്രവര്‍ത്തിച്ചിരുന്ന പീറ്റേഴ്‌സണ്‍ ഇന്ത്യ കുല്‍ദീപിനെ കളിപ്പിക്കണമെന്നാണ് പറഞ്ഞത്. മാത്രമല്ല ദല്‍ഹി താരത്തിന് ഇംഗ്ലണ്ടില്‍ പന്തെറിയാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.
‘അവര്‍ കുല്‍ദീപിനെ കളിപ്പിക്കണം, ഇന്ത്യ ഒരു ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ മറ്റൊന്നില്‍ വിജയിച്ചു. അവര്‍ക്ക് ഒരു പ്രത്യേക വേരിയേഷന്‍ ഇല്ലെന്ന് തോന്നുന്നു, ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് അവനെതന്നെയാണ്. ദല്‍ഹി ക്യാപിറ്റല്‍സില്‍ ഞാന്‍ മെന്ററായി വന്ന ശേഷം കുല്‍ദീപുമായി സംസാരിച്ചരുന്നു. ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ബോള്‍ എറിയുന്നതിനെക്കുറിച്ചും തന്ത്രങ്ങള്‍ മെനയുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
എവിടെ, എങ്ങനെ പന്തെറിയണമെന്നതിനെക്കുറിച്ച് ഞങ്ങള്‍ നിരവധി സംഭാഷണങ്ങള്‍ നടത്തി. ഞങ്ങള്‍ അതിനായി ഒരുപാട് സമയം ചെലവഴിച്ചു. അവന്റെ കളി കാണുന്നത് അതിശയകരമായിരിക്കും. അവന്‍ ഇംഗ്ലണ്ടില്‍ ഇറങ്ങുന്നത് ശരിക്കും അതിശയകരമാകും. ബൗള്‍ ചെയ്യുന്നതിലും വിക്കറ്റ് എടുക്കുന്നതിലും അവന് ആവേശമുണ്ട്. അവന്‍ ബെഞ്ചില്‍ കാണുന്നത് കാണാന്‍ എനിക്ക് ഇഷ്ടമല്ല,’ പീറ്റേഴ്‌സണ്‍ പറഞ്ഞു.
അതേസമയം ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ ആര്‍ച്ചര്‍ ജോഷ് ടംഗിന് പകരമായാണ് ഇംഗ്ലണ്ട് ഇലവനിലെത്തിയത്.