അവന് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു; യുവ താരത്തിന് പിന്തുണയുമായി കപില്‍ ദേവ്
Cricket
അവന് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു; യുവ താരത്തിന് പിന്തുണയുമായി കപില്‍ ദേവ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th July 2025, 10:39 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ ഓള്‍ഔട്ട് ആക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സമനില വഴങ്ങേണ്ടി വന്നത്.

അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി.

മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ യുവ ബൗളര്‍ അന്‍ഷുല്‍ കാംബോജിന് അവസരം നല്‍കിയത്. ഇന്ത്യ എക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ കാംബോജിന് ഇംഗ്ലണ്ടിനെതിരെയുള്ള നിര്‍ണായക ടെസ്റ്റിലെ 18 ഓവറില്‍ നിന്ന് 89 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതിന് പിന്നാലെ യുവ താരത്തെ വിമര്‍ശിച്ച് പലരും രംഗത്ത് വന്നിരുന്നു. എന്നാല്‍ കാംബോജിന് പിന്തുണ നല്‍കി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ആദ്യ ഇന്നിങ്‌സില്‍ തന്നെ എല്ലാവരും 10 വിക്കറ്റ് നേട്ടം പ്രതീക്ഷിക്കുന്നുണ്ടോ എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചോദ്യമുയര്‍ത്തി. മാത്രമല്ല പേസര്‍ തിരിച്ചുവരവ് നടത്തുമെന്നും കപില്‍ദേവ് പറഞ്ഞു.

‘ഒരു അരങ്ങേറ്റക്കാരനില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്. അയാള്‍ 10 വിക്കറ്റുകള്‍ നേടണമെന്നാണോ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ അവന്റെ കഴിവ് വിലയിരുത്തണം. കഴിവുണ്ടെങ്കില്‍ അവന്‍ തിരിച്ചുവരും. ആദ്യ മത്സരം കളിക്കുമ്പോള്‍ എല്ലാവരും സ്വല്‍പം പരിഭ്രാന്തരാകും. അവന് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കപില്‍ ദേവ് പറഞ്ഞു.

Content Highlight: India VS England: Kapil Dev Supports Young Indian Bowler Anshul Kamboj