10ാം സെഞ്ച്വറി കളറാക്കി രാഹുല്‍; ഗവാസ്‌കര്‍ വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്കാണ് ഇവന്റെ മാസ് എന്‍ട്രി!
Cricket
10ാം സെഞ്ച്വറി കളറാക്കി രാഹുല്‍; ഗവാസ്‌കര്‍ വാഴുന്ന റെക്കോഡ് ലിസ്റ്റിലേക്കാണ് ഇവന്റെ മാസ് എന്‍ട്രി!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th July 2025, 7:31 pm

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 387 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരുന്നു. നിലവില്‍ 76 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ നേടിയത്.

നിലവില്‍ ഇന്ത്യക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് രവീന്ദ്ര ജഡേജ 33 പന്തില്‍ 22 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 24 പന്തില്‍ അഞ്ച് റണ്‍സുമാണ് നേടിയത്.

അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് ഓപ്പണര്‍ കെ.എല്‍ രാഹുലിനെയാണ്. 67ാം ഓവറിലെ ആദ്യ പന്തില്‍ ഷൊയ്ബ് ബഷീര്‍ ഹാരി ബ്രൂക്കിന്റെ കയ്യിലെത്തിച്ചാണ് രാഹുലിനെ മടക്കിയയച്ചത്. 177 പന്തില്‍ 13 ഫോര്‍ ഉള്‍പ്പെടെ 100 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് താരം കളം വിട്ടത്.

തന്റെ 10ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. മാത്രമല്ല ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണറാകാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറാണ് ഒന്നാം സ്ഥാനത്ത്.

സേന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍

സുനില്‍ ഗവാസ്‌കര്‍ – 8

കെ.എല്‍. രാഹുല്‍ – 6

രാഹുലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 112 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. ബെന്‍ സ്റ്റോക്‌സിന്റെ ത്രോയില്‍ ഒരു റണ്‍ ഔട്ടിലാണ് താരം പുറത്തായത്.

മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും (13) കരുണ്‍ നായരേയും (40) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും (16) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വേക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ഷൊയ്ബ് ബഷീര്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.

Content Highlight: India VS England: K.L Rahul In Great Record Achievement In SENA Test