വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍ കപില്‍ ദേവിനെ വെട്ടി; രാഹുലിന്റെ കുതിപ്പ് ഇനിയും തുടരും
Cricket
വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍ കപില്‍ ദേവിനെ വെട്ടി; രാഹുലിന്റെ കുതിപ്പ് ഇനിയും തുടരും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th July 2025, 6:09 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ എറിഞ്ഞിടാന്‍ ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

സ്‌കോര്‍

ഇന്ത്യ: 358 & 425/4

ഇംഗ്ലണ്ട്: 669

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 98 പന്തില്‍ നിന്ന് 46 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 238 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 90 റണ്‍സായിരുന്നു രാഹുല്‍ നേടിയത്. മാത്രമല്ല നിര്‍ണായക ഇന്നിങ്‌സില്‍ 0/2 എന്ന നിലയില്‍ ഇന്ത്യയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും സായി സുദര്‍ശനെയും നഷ്ടപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഇന്ത്യയെ കരകയറ്റുകയായിരുന്നു രാഹുല്‍. ഗില്‍ 238 പന്തില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 103 റണ്‍സും നേടിയാണ് പുറത്തായത്.

രാഹുലിന്റെ മികച്ച ചെറുത്തുനില്‍പ്പില്‍ ഒട്ടനവധി റെക്കോഡുകള്‍ പിറന്നെങ്കിലും ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് രാഹുല്‍ സ്വന്തമാക്കിയ മറ്റൊരു നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 9000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെ മറികടക്കാനാണ് രാഹുലിന് സാധിച്ചത്. നിലവില്‍ രാഹുല്‍ 15ാമനായാണ് ലിസ്റ്റിലുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 9000ത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്നവര്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34357

വിരാട് കോഹ്‌ലി – 27599

രാഹുല്‍ ദ്രാവിഡ് – 24064

രോഹിത് ശര്‍മ – 19700

സൗകവ് ഗാംഗുലി – 18433

എം.എസ്. ധോണി – 17092

വിരേന്ദര്‍ സെവാഗ് – 16892

സുനില്‍ ഗവാസ്‌കര്‍ – 13214

യുവരാജ് സിങ് – 11686

വി.വി.എസ്. ലക്ഷമണ്‍ – 11119

ശിഖര്‍ ധവാന്‍ – 10867

ദിലീപ് വെങ്‌സര്‍ക്കാര്‍ – 10376

ഗൗതം ഗംഭീര്‍ – 10376

കെ.എല്‍. രാഹുല്‍ – 9076

കപില്‍ ദേവ് – 9031

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ അവസാന ദിവസം ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് കെ.എല്‍. രാഹുലും (230 പന്തില്‍ 90) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (238 പന്തില്‍ 103) വാഷിങ്ടണ്‍ സുന്ദറും (206 പന്തില്‍ 101*) രവീന്ദ്ര ജഡേജയുമാണ് (158 പന്തില്‍ 107*).

അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി. പരമ്പരയില്‍ പിന്നിലുള്ള ഇന്ത്യക്ക് ഓവലില്‍ വിജയം അനിവാര്യമാണ്. അഞ്ചാം മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാം.

Content Highlight: India VS England: K.L Rahul In Great Record Achievement