പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡ് പുറത്തുവിട്ട് ഇംഗ്ലണ്ട്. 2025 ജൂലൈ രണ്ടിന് ബുധനാഴ്ച എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന മത്സരത്തില്‍ 15 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനായി ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറെ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എടുത്ത് പറയേണ്ടതാണ്. 30 കാരനായ വലംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്.
2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം 13 മത്സരങ്ങളിലെ 24 ഇന്നിങ്‌സില്‍ നിന്ന് 95 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 42 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 6/45 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 2.99 എന്ന എക്കോണമിയും 31.0 എന്ന ആവറേജുമാണ് ബൗളിങ്ങില്‍ താരത്തിനുള്ളത്. മൂന്ന് ഫൈഫര്‍ വിക്കറ്റുകളാണ് ആര്‍ച്ചര്‍ റെഡ് ബോളില്‍ നിന്ന് നേടിയത്.
അതേസമയം ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.
ഇതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ജൂലൈ രണ്ടിന് പുറത്ത് വിടും.