ലോകത്തിലെ ഏറ്റവും മികച്ച ബൗളറുടെ ഭീഷണി നേരിടേണ്ടി വരും; തുറന്ന് പറഞ്ഞ് റൂട്ട്
Cricket
ലോകത്തിലെ ഏറ്റവും മികച്ച ബൗളറുടെ ഭീഷണി നേരിടേണ്ടി വരും; തുറന്ന് പറഞ്ഞ് റൂട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th July 2025, 7:02 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി.

അഞ്ചാം ദിവസം അനായാസം വിജയിക്കാന്‍ സാധിക്കുന്ന മത്സരമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.

സ്‌കോര്‍

ഇംഗ്ലണ്ട്: 387 & 192

ഇന്ത്യ: 387 & 170 (T: 193)

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് 387 റണ്‍സടിച്ചത്. 199 പന്ത് നേരിട്ട താരം 10 ഫോര്‍ ഉള്‍പ്പെടെ 104 റണ്‍സ് സ്വന്തമാക്കി. ഇന്നിങ്‌സില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ ബൗള്‍ഡായാണ് റൂട്ട് മടങ്ങിയത്.

രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ത്രീ ലയണ്‍സിന്റെ രക്ഷകനാകാനും റൂട്ടിന് സാധിച്ചു. വിക്കറ്റ് തകര്‍ച്ചയിലും 96 പന്തുകള്‍ നേരിട്ട് 40 റണ്‍സാണ് താരം നേടിയത്. വാഷിങ്ടണ്‍ സുന്ദറാണ് റൂട്ട് പുറത്തായത്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ വിജയ ശേഷം റൂട്ട് സംസാരിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയെ നേരിട്ടതിനെക്കുറിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ 11ാം തവണയും ബുംറ റൂട്ടിനെ പുറത്താക്കിയതിനെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റൂട്ട്.

ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ക്കെതിരെ എപ്പോഴും പോരാടാന്‍ ആഗ്രഹിക്കുന്നെന്നും 11 തവണ പുറത്തായെങ്കിലും എന്നാല്‍ ബുംറയുള്ള മത്സരത്തില്‍ താന്‍ സെഞ്ച്വറി നേടിയിട്ടുണ്ടെന്നും റൂട്ട് പറഞ്ഞു. മാത്രമല്ല ലോര്‍ഡ്‌സില്‍ വീണ്ടും സെഞ്ച്വറി നേടാന്‍ സാധിച്ചെന്നും ലോകോത്തര ബൗളര്‍ക്കെതിരെ എപ്പോഴും പുറത്താകാനുള്ള സാധ്യതയുള്ളതിനാല്‍ റണ്‍സ് കണ്ടെത്താനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും റൂട്ട് പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും മികച്ചവനോട് എപ്പോഴും പോരാടാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ പറഞ്ഞതുപോലെ അദ്ദേഹം 11 തവണ വിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹമുള്ള മത്സരത്തില്‍ ഞാന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ലോര്‍ഡ്‌സില്‍ ഞാന്‍ വീണ്ടും ഒരു സെഞ്ച്വറി നേടി. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ക്കെതിരെ കളിക്കുമ്പോള്‍ അവന്‍ നിങ്ങളെ പുറത്താക്കാനുള്ള സാധ്യത എപ്പോഴും കൂടുതലാണ്. അവന്റെ ഭീഷണി ഇല്ലാതാക്കാനും റണ്‍സ് നേടാനുമുള്ള വഴികള്‍ നിങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്,’ മത്സര ശേഷം റൂട്ട് പറഞ്ഞു.

 

Content Highlight: India VS England: Joe Root Talking About Facing Jasprit Bumrah