ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 387 റണ്‍സിന് ഇംഗ്ലണ്ടിനെ ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിലവില്‍ 23 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് നേടിയത്. ഇന്നിങ്‌സിലെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചറിനാണ് താരത്തിന്റെ വിക്കറ്റ്. ഹാരി ബ്രൂക്കിന്റെ കയ്യില്‍ കുരുങ്ങിയാണ് ജെയ്‌സ്വാള്‍ മടങ്ങിയത്.
ശേഷം ഇന്ത്യ 74 റണ്‍സ് നേടി നില്‍ക്കവെയാണ് മൂന്നാമനായി ഇറങ്ങിയ കരുണ്‍ നായരെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. 62 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 40 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ സൈഡ് എഡ്ജില്‍ കുരുങ്ങിയ കരുണ്‍ സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന്റെ സൂപ്പര്‍ ക്യാച്ചിലാണ് മടങ്ങിയത്.
ഇതോടെ തകര്‍പ്പന്‍ റെക്കോഡാണ് റൂട്ട് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ വെട്ടിയാണ് റൂട്ട് ഒന്നാമനായത്.