ഐ.പി.എല്‍ ആവേശം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ & ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പയ്ക്ക് വേണ്ടി വമ്പന്‍ തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. പരമ്പരയില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ പ്രധാന ശക്തികളിലൊന്ന് ബാറ്റര്‍ ജോ റൂട്ടാണ്. മാത്രമല്ല വരാനിരിക്കുന്ന മത്സരങ്ങളില്‍ റൂട്ടിനെ കാത്തിരിക്കുന്നത് ടെസ്റ്റ് ചരിത്രത്തിലെ ഒരു ഇതിഹാസ റെക്കോഡുമാണ്.
കളത്തിലിറങ്ങി വെറും 372 റണ്‍സ് നേടിയാല്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് റൂട്ടിന് സാധിക്കുക. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം രാഹുല്‍ ദ്രാവിഡിനെയും സൗത്ത് ആഫ്രിക്കന്‍ വമ്പന്‍ ജാക്വസ് കാലിസിനെയും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനേയും മറികടക്കാനുള്ള അവസരമാണ് ജോ റൂട്ടിനുള്ളത്. ഈ റെക്കോഡ് നേട്ടത്തില്‍ ആധിപത്യം സ്ഥാപിച്ച ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് 15921 റണ്‍സാണ് ഉള്ളത്.