ചന്ദ്രപോള്‍ വീണു, ഇതിഹാസങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ റൂട്ടിന്റെ മാസ് എന്‍ട്രി!
Cricket
ചന്ദ്രപോള്‍ വീണു, ഇതിഹാസങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ റൂട്ടിന്റെ മാസ് എന്‍ട്രി!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th July 2025, 10:56 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരം ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടക്കുകയാണ്. നിലവില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 77 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്.

നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് ജോ റൂട്ടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ്. സ്റ്റോക്‌സ് 84 പന്തില്‍ നിന്ന് 35 റണ്‍സ് നേടി ക്രീസില്‍ തുടരുമ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് റൂട്ട് മിന്നും പ്രകടനം കാഴ്ചവെക്കുന്നത്. 172 പന്തില്‍ നിന്ന് 89 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. ഇതോടെ തന്റെ 67ാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമനാകാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങാണ്. അതേസമയം വിന്‍ഡീസ് താരം ശിവ്‌നരയ്ന്‍ ചന്ദ്രപോളിനെ മറികടന്നാണ് റൂട്ട് റെക്കോഡ് ലിസ്റ്റില്‍ നാലാമനായത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരങ്ങള്‍, ടീം, എണ്ണം

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 36

മഹേല ജയവര്‍ദനെ – ശ്രീലങ്ക – 35

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 34

ജോ റൂട്ട് – ഇംഗ്ലണ്ട് – 30*

ശിവ്‌നരയ്ന്‍ ചന്ദ്രപോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 29

മികച്ച തുടക്കം പ്രതീക്ഷിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ടീം സ്‌കോര്‍ 43ന് നില്‍ക്കുമ്പോള്‍ 13.3ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 23 റണ്‍സിനാണ് താരം മടങ്ങിയത്.

അധികം വൈകാതെ ഓവറിലെ അവസാന പന്തില്‍ സാക് ക്രോളിയേയും എഡ്ജില്‍ കുരുക്കി റെഡ്ഡി ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ കയ്യിലെത്തിച്ചാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ റെഡ്ഡി തിരിച്ചയച്ചത്. ഒല്ലി പോപ്പ് 104 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജയാണ് താരത്തെ പുറത്താക്കിയത്. 11 റണ്‍സ് നേടിയ ഹാരി ബ്രൂക്കിനെ ബൗള്‍ഡാക്കി ബുംറയു കരുത്ത് കാണിച്ചു.

Content Highlight: India VS England: Joe Root In Wonderful Record Achievement Against India In International Cricket