ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271 റണ്‍സിനാണ് പുറത്തായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം നേടിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് പേസര്‍ ആകാശ് ദീപ് തന്റെ കരുത്ത് കാട്ടിയത്. മാത്രമല്ല ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും താരം നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സിറാജ് ആറ് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം ഫോമിലെത്തിയത് ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നു.
ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ഐ.സി.സി ചെയര്‍മാന്‍ ജയ് ഷാ ഇന്ത്യന്‍ ടീമിന് ആശംസകള്‍ അറിയിച്ചിരുന്നു. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ജയ് ഷാ താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനും ആശംസ അറിയിച്ചത്. ശുഭ്മന്‍ ഗില്‍, ആകാശ് ദീപ്, രവീന്ദ്ര ജഡേജ, റിഷബ് പന്ത് എന്നിവരെയാണ് മുന്‍ ബി.സി.സി.ഐ സെക്രട്ടറി പേരെടുത്ത് പറഞ്ഞത്.
An outstanding Test match showcasing the depth and resilience of Indian cricket.@ShubmanGill’s 269 & 161 were innings of rare quality, while Akashdeep’s 10-wicket haul marked a breakthrough performance. Valuable contributions from @imjadeja and @RishabhPant17 added to a…
എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പങ്കുവഹിച്ച പേസര്‍ സിറാജിനെ ജയ് ഷാ തന്റെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തില്ലായിരുന്നു. സിറാജിനെ പ്രശംസിക്കാത്തതില്‍ സോഷ്യല്‍മീഡിയ വലിയ രീതിയില്‍ ജയ് ഷായെ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 38 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സിറാജ് 171 മെയ്ഡന്‍ ഓവറുകള്‍ അടക്കം 109 വിക്കറ്റുകളാണ് നേടിയത്. 6/15 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 30 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജെയ്‌സ്വാള്‍ (87) എന്നിവരും ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി തിളങ്ങി.
രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഗില്ലാണ്. 162 പന്തില്‍ നിന്ന് 161 റണ്‍സാണ് താരം നേടിയത്. മാത്രമല്ല രവീന്ദ്ര ജഡേജ (69*), റിഷബ് പന്ത് (65), കെ.എല്‍. രാഹുല്‍ (55) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
Content Highlight: India VS England – Jay Shah fails to praise Indian pacer Mohammed Siraj in win over England