ആരും അത് മനപൂര്‍വം ചെയ്യുന്നില്ല, അവര്‍ അനുഭവങ്ങളില്‍ നിന്ന് പഠിക്കും; തുറന്ന് പറഞ്ഞ് ബുംറ
Sports News
ആരും അത് മനപൂര്‍വം ചെയ്യുന്നില്ല, അവര്‍ അനുഭവങ്ങളില്‍ നിന്ന് പഠിക്കും; തുറന്ന് പറഞ്ഞ് ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 2:03 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ബുംറ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യ ഫീല്‍ഡില്‍ കാഴ്ചവെച്ചത്. ആറ് ക്യാച്ചുകളാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. സ്ലിപ്പിലും ഗള്ളിയിലും ഫീല്‍ഡ് ചെയ്ത യശസ്വി ജെയ്സ്വാളാണ് അതില്‍ മൂന്ന് ക്യാച്ചുകളും വിട്ടുകളഞ്ഞത്. സങ്കടമെന്താണെന്നാല്‍ ഫൈഫര്‍ നേടിയ ബുംറയുടെ പന്തിലായിരുന്നു ജെയ്സ്വാള്‍ മൂന്ന് ക്യാച്ചുകളും വിട്ടുകളഞ്ഞത്.

ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഫീല്‍ഡിങ്ങിലെ പോരായ്മകളെക്കുറിച്ചുള്ള ചോദ്യത്തിന് ബുംറ മറുപടി പറഞ്ഞിരുന്നു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ കുറച്ച് സമയത്തേക്ക് നിരാശ തോന്നിയെന്നും അത് കളിയുടെ ഒരു ഭാഗമാണെന്നും ബുംറ പറഞ്ഞു. മാത്രമല്ല ഒരു പ്രശ്‌നം സൃഷ്ടിച്ച് അവരുടെ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവരത് മനപൂര്‍വം ചെയ്യുന്നതല്ലെന്നും ബുംറ പറഞ്ഞു.

‘ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ കുറച്ച് സമയത്തേക്ക് എനിക്ക് നിരാശ തോന്നി. അത് കളിയുടെ ഒരു ഭാഗമായ കാര്യമാണ്. ആളുകള്‍ പുതിയവരും നന്നായി കഠിനാധ്വാനം ചെയ്യുന്നവരുമാണ്. അതുകൊണ്ട് ഒരു പ്രശ്‌നം സൃഷ്ടിച്ച് അവരുടെ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരും അത് മനപൂര്‍വം ചെയ്യുന്നില്ല, അതിനാല്‍ അവര്‍ ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്ന് പഠിക്കും,’ ജസ്പ്രിത് ബുംറ

സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് (40) എന്നിവരെയാണ് പ്രസിദ്ധ് മടക്കിയയച്ചത്. അതേസമയം മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്‌സിന്റെയും (22 റണ്‍സ്), ബെന്‍ സ്റ്റോക്‌സിന്റെയും (20) വിക്കറ്റുകളും നേടി.

Content Highlight: India VS England: Jasprit Bumrah Talking About Fielding Mistakes