സേനയില്‍ ഇവന്‍ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ; ഇന്ത്യയുടെ വജ്രായുധം തുളഞ്ഞ് കയറിയത് വിദേശികളുടെ നെഞ്ചത്ത്!
Sports News
സേനയില്‍ ഇവന്‍ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ; ഇന്ത്യയുടെ വജ്രായുധം തുളഞ്ഞ് കയറിയത് വിദേശികളുടെ നെഞ്ചത്ത്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd June 2025, 10:08 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ 471 റണ്‍സാണ് നേടിയത്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്. 465 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്. മൂന്നാം ഓവറിനെത്തിയ ബ്രൈഡന്‍ കാഴ്‌സ് യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കിയാണ് തുടങ്ങിയത്. 4 റണ്‍സായിരുന്നു ജെയ്‌സ്വാള്‍ നേടിയത്. നിലവില്‍ ക്രീസിലുള്ളത് കെ.എല്‍. രാഹുലും (39), സായി സുദര്‍ശനുമാണ് (22). മാത്രമല്ല നിലവില്‍ 73 റണ്‍സിന്റെ റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. കൗതുകമെന്താണെന്നാല്‍, ഹോം ടെസ്റ്റില്‍ ബുംറ നേടിയ വിക്കറ്റുകളേക്കാള്‍ രണ്ടിരട്ടിയാണ് ബുംറ എവേയ് ടെസ്റ്റ് മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയത്. 47 വിക്കറ്റുകളാണ് താരം ഹോം ടെസ്റ്റില്‍ സ്വന്തമാക്കിയത്. എന്നാല്‍ 163 വിക്കറ്റുകളാണ് വിദേശ ടെസ്റ്റില്‍ നിന്നുള്ള ബുംറയുടെ സമ്പാദ്യം.

മാത്രമല്ല ഫൈഫര്‍ നേടിയതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബുംറയ്ക്ക് സാധിച്ചിരിക്കുകയാണ്. സേന ടെസ്റ്റില്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഏഷ്യന്‍ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്.

ബുംറയ്ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് (40) എന്നിവരെയാണ് പ്രസിദ്ധ് മടക്കിയയച്ചത്. അതേസമയം മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്സിന്റെയും (22 റണ്‍സ്), ബെന്‍ സ്റ്റോക്സിന്റെയും (20) വിക്കറ്റുകളും നേടി.

നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കൂറ്റന്‍ സ്‌കോര്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാന്‍ സാധിക്കാത്ത അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശനിലും എട്ട് വര്‍ഷത്തിന് ശേഷം ടീമിലെത്തിയ കരുണ്‍ നായരിലും വലിയ പ്രതീക്ഷയാണ് ഉള്ളത്.

ഒന്നാം ഇന്നിങ്‌സില്‍ യശസ്വി ജെയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. കെ.എല്‍. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍

Content Highlight: India VS England: Jasprit Bumrah Is The First Asian Player Who Achieves 150 Wickets In Away SENA Test