ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ 471 റണ്‍സാണ് നേടിയത്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് 95 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 453 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് ക്രിസ് വോക്‌സും (38), ജോഷ് ടംഗുമാണ് (0).
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനമാണ് പ്രസിദ്ധ് കൃഷ്ണയും ജസ്പ്രീത് ബുംറയും കാഴ്ചവെക്കുന്നത്. മൂന്ന് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്.
ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106 റണ്‍സ്), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് എന്നിവരെയാണ് പ്രസീത് മടക്കിയയച്ചത്. അതേസമയം ബുംറ ഓപ്പണര്‍മാരായ സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് എന്നിവരേയും പുറത്താക്കി മികച്ച ബ്രേക്ക് ത്രൂവാണ് ഇന്ത്യയ്ക്ക് നല്‍കിയത്. രണ്ടാം ദിനം അവസനിക്കുന്നതിനുള്ളിലാണ് ബുംറ മൂന്ന് വിക്കറ്റുകളും നേടിയത്. മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്‌സിന്റെയും (22 റണ്‍സ്), ബെന്‍ സ്‌റ്റോക്‌സിന്റെയും (20) വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അപകടകാരിയായ റൂട്ടിന്റെ വിക്കറ്റ് നേടിയതോടെ ഒരു മിന്നും നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാനാണ് ബുംറയ്ക്ക് സാധിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ റൂട്ടിന്റെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഓസീസ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും വാഴുന്ന ലിസ്റ്റിലാണ് ബുംറ തന്റെ പേര് എഴുതിച്ചേര്‍ത്തത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ്. ഇനിവരാനിരിക്കുന്ന മത്സരങ്ങളില്‍ രണ്ട് തവണ റൂട്ടിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരവും ബുംറയ്ക്കുണ്ട്.
ഒന്നാം ഇന്നിങ്സില്‍ യശസ്വി ജെയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്. കെ.എല്‍. രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംങ്ങുമാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
Content Highlight: India VS England: Jasprit Bumrah In Great Record Achievement In Test Cricket Against Joe Root