ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271 റണ്‍സിനാണ് പുറത്തായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
സ്‌കോര്‍
ഇന്ത്യ: 587 & 427/6D
ഇംഗ്ലണ്ട്: 407 & 271 – ടാര്‍ഗറ്റ്: 608
A historic win at Edgbaston 🙌#TeamIndia win the second Test by 336 runs and level the series 1-1 👍 👍
ഹാരി ബ്രൂക്കിന്റെയും ജെയ്മി സ്മിത്തിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ പൊരുതിയത്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 21 ഫോറും നാല് സിക്‌സറിന്റെയും അകടമ്പടിയോടെ പുറത്താകാതെ 184 റണ്‍സ് നേടി. 158 റണ്‍സാണ് ഹാരി ബ്രൂക്ക് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. 17 ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയതും ജെയ്മി സ്മിത്താണ്. 99 പന്തില്‍ നിന്ന് 88 റണ്‍സാണ് താരം നേടിയത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറാകാനാണ് സ്മിത്തിന് സാധിച്ചത്.
ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍, രാജ്യം, റണ്‍സ്
ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – 341 (142,199*)
ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – 287 (55, 232*)
ജെയ്മി സ്മിത് – ഇംഗ്ലണ്ട് – 272 (184*, 88)
ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – 253 (183, 70)
റിഷബ് പന്ത് – ഇന്ത്യ – 252 (134, 118)
മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് പേസര്‍ ആകാശ് ദീപ് തന്റെ കരുത്ത് കാട്ടിയത്. മാത്രമല്ല ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും താരം നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സിറാജ് ആറ് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം ഫോമിലെത്തിയത് ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 30 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജെയ്‌സ്വാള്‍ (87) എന്നിവരും ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി തിളങ്ങി.
രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഗില്ലാണ്. 162 പന്തില്‍ നിന്ന് 161 റണ്‍സാണ് താരം നേടിയത്. മാത്രമല്ല രവീന്ദ്ര ജഡേജ (69*), റിഷബ് പന്ത് (65), കെ.എല്‍. രാഹുല്‍ (55) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
Content Highlight: India VS England: Jamie Smith In Great Record Achievement In Test Cricket