വാര്‍ണറും ഡിവില്ലിയേഴ്‌സും വാഴുന്ന ലിസ്റ്റിലേക്ക് മാസ് എന്‍ട്രിയുമായി ഇംഗ്ലണ്ടിന്റെ വജ്രായുധം; വെടിക്കെട്ടില്‍ പിറന്നത് വമ്പന്‍ നേട്ടം!
Sports News
വാര്‍ണറും ഡിവില്ലിയേഴ്‌സും വാഴുന്ന ലിസ്റ്റിലേക്ക് മാസ് എന്‍ട്രിയുമായി ഇംഗ്ലണ്ടിന്റെ വജ്രായുധം; വെടിക്കെട്ടില്‍ പിറന്നത് വമ്പന്‍ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th July 2025, 6:17 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

നിലവില്‍ മൂന്നാം ദിനം ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 47 ഓവറില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. തുടരെ വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് മധ്യ നിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്രീസിലുള്ള ജെയ്മി സ്മിത്തും ഹാരി ബ്രൂക്കും കാഴ്ചവെക്കുന്നത്. ഹാരി 127 പന്തില്‍ 91 റണ്‍സ് നേടിയപ്പോള്‍ ജെയ്മി 82 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയിരിക്കുകയാണ്. നേരിട്ട 80ാം പന്തില്‍ ഫോര്‍ നേടി 101* റണ്‍സ് നേടുകയായിരുന്നു താരം.

വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച താരം ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് ജെയ്മി സ്മിത്തിന് സാധിച്ചത്. മാത്രമല്ല ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ് സ്മിത് നേടിയിരിക്കുന്നത്.

ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, നേരിട്ട പന്ത്, വര്‍ഷം

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 69 – 2012

എ.ബി. ഡിവില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 75 – 2011

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 78 – 2006

ജെയ്മി സ്മിത് (ഇംഗ്ലണ്ട്) – 80 – 2025

കമ്രാന്‍ അക്മല്‍ (പാകിസ്ഥാന്‍) – 81 – 2006

അതേസമയം മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബെന്‍ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), സാക്ക് ക്രോളി (19) എന്നിവരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഡക്കറ്റിന്റേയും പോപ്പിന്റെയും വിക്കറ്റ് നേടിയത് ആകാശ് ദീപാണ്. ക്രോളിയുടെ വിക്കറ്റ് സിറാജും നേടി.

ശേഷം മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ജോ റൂട്ടിനെ (46 പന്തില്‍ 26 റണ്‍സ്) സിറാജ് റിഷബ് പന്തിന്റെ കയ്യിലെത്തിച്ച് മികച്ച തുടക്കമാണ് നല്‍കിയത്. മാത്രമല്ല ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പൂജ്യം റണ്‍സിന് പന്തിന്റെ കയ്യിലെത്തിച്ച് വീണ്ടും സിറാജ് തിളങ്ങി. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ 387 പന്തുകള്‍ നേരിട്ട് 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മൂന്ന് സിക്സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്. ജഡേജയും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഏഴാമനായി ഇറങ്ങി ഒരു സിക്സറും പത്ത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റണ്‍സിന്റെ കൂട്ടുകെട്ടും സ്പിന്‍ ഓള്‍ റൗണ്ടര്‍ പടുത്തുയര്‍ത്തിയിരുന്നു.

Content Highlight: India VS England: Jamie Smith In Great Record Achievement Against India In Test