ബുംറയ്ക്ക് പകരം അവന്‍ ഇറങ്ങണം; പ്രസ്താവനയുമായി ഇര്‍ഫാന്‍ പത്താന്‍
Sports News
ബുംറയ്ക്ക് പകരം അവന്‍ ഇറങ്ങണം; പ്രസ്താവനയുമായി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd July 2025, 6:59 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം അങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഒപ്പമുണ്ടായേക്കാമെന്ന ആശ്വാസ വാര്‍ത്തയും നേരത്തെ വന്നിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. താരത്തിന്റെ അധിക ജോലി ഭാരം കുറയ്ക്കാനും വിശ്രമം നല്‍കാനുമായിരുന്നു മാനേജ്മെന്റ് തീരുമാനമെടുത്തത്.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ബുംറ കളിച്ചില്ലെങ്കില്‍ ടീമില്‍ ആകാശ് ദീപിനെ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. നെറ്റ്‌സില്‍ ആകാശ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും ഷമിയേപ്പോലെയാണ് ആകാശ് ബോളെറിയുന്നതെന്നും പത്താന്‍ പറഞ്ഞു. ആകാശ് സീം ബോളുകളും സ്ലോവറും ഉപയോഗിച്ച് ആക്രമണ രീതിയില്‍ പന്തെറിയുന്നതെന്നും മുന്‍ താരം സൂചിപ്പിച്ചു.

‘ബുംറ ഉണ്ടാകില്ലെങ്കില്‍ എന്ത് ചെയ്യും, അവന് പകരം ആരാണ് ഇറങ്ങുന്നത്? നെറ്റ്‌സില്‍ നമ്മള്‍ കണ്ടതനുസരിച്ച് ആകാശ് ദീപ് തന്റെ കഴിവ് മുഴുവന്‍ പ്രകടിപ്പിക്കുന്നു. ഷമിയെപ്പോലെയാണ് അദ്ദേഹം പന്തെറിയുന്നതെന്ന് ഞാന്‍ കരുതുന്നു. അവന്റെ ഡയറക്ട് സീം ബോളുകള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തും, പ്രത്യേകിച്ച് സ്ലോവര്‍ പന്തുകള്‍.

നിങ്ങള്‍ ആക്രമിച്ച് കളിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അര്‍ഷ്ദീപിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം, പക്ഷേ ബുംറ കളിക്കുന്നില്ലെങ്കില്‍, അദ്ദേഹത്തിന് പകരക്കാരന്‍ ആകാശ് ദീപ് ആയിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഇതുവരെ ഇന്ത്യയ്ക്ക് എഡ്ജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇരുവരും തമ്മില്‍ എട്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് മത്സരത്തിലും വിജയിച്ചത് ഇംഗ്ലണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒരു സമനില മാത്രമാണ് നേടാന്‍ സാധിച്ചത്.

Content Highlight: India VS England: Irfan Pathan Talking About Indian Pacer Akash Deep