മത്സരം സമനിലയില്‍ അവസാനിച്ചതില്‍ അവന്‍ വലിയ പങ്കുവഹിച്ചു: ഇര്‍ഫാന്‍ പത്താന്‍
Cricket
മത്സരം സമനിലയില്‍ അവസാനിച്ചതില്‍ അവന്‍ വലിയ പങ്കുവഹിച്ചു: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th July 2025, 10:13 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ ഓള്‍ഔട്ട് ആക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സമനില വഴങ്ങേണ്ടി വന്നത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 98 പന്തില്‍ നിന്ന് 46 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 238 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 90 റണ്‍സായിരുന്നു രാഹുല്‍ നേടിയത്. മാത്രമല്ല നിര്‍ണായക ഇന്നിങ്‌സില്‍ 0/2 എന്ന നിലയില്‍ ഇന്ത്യയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും സായി സുദര്‍ശനെയും നഷ്ടപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഇന്ത്യയെ കരകയറ്റുകയായിരുന്നു രാഹുല്‍.

ഗില്‍ 238 പന്തില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 103 റണ്‍സും നേടിയാണ് പുറത്തായത്. എന്നിരുന്നാലും രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് നിര്‍ണായകമായെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. സമ്മര്‍ദ ഘട്ടത്തില്‍ ഒരുപാട് പന്തുകള്‍ ഫേസ് ചെയ്ത രാഹുല്‍ ഇന്ത്യയുടെ മികച്ച സീനിയര്‍ താരമാണെന്നും പത്താന്‍ പറഞ്ഞു.

‘ആദ്യ ഇന്നിങ്സില്‍ 98 പന്തുകളും രണ്ടാം ഇന്നിങ്സില്‍ 200ലധികം പന്തുകളും കെ.എല്‍. രാഹുല്‍ കളിച്ചു. രണ്ട് ഇന്നിങ്സുകളിലുമായി അവന്‍ ഏകദേശം 328 പന്തുകള്‍ അവന്‍ കളിച്ചു. മത്സരം സമനിലയില്‍ അവസാനിച്ചതില്‍ അവന്‍ വലിയ പങ്കുവഹിച്ചു. എന്നിരുന്നാലും അവന് ഒരു സെഞ്ച്വറി നേടാന്‍ സാധിച്ചില്ല. ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സെഞ്ച്വറികള്‍ നേടി.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കെ.എല്‍. രാഹുല്‍ വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനായി മാറിയിരിക്കുന്നു, അവന്‍ അത് അര്‍ഹിക്കുന്നു. യുവ ഇന്ത്യന്‍ ടീമിലെ ഒരു മുതിര്‍ന്ന കളിക്കാരനാണ് അവന്‍, ആ ഉത്തരവാദിത്തത്തോടെയാണ് അവന്‍ കളിക്കുന്നത്. ഞാന്‍ മുമ്പും ഇത് പറഞ്ഞിട്ടുണ്ട്. പന്ത് ലീവ് ചെയ്യുന്നത് ഒരു കലയാണെങ്കില്‍, രാഹുല്‍ കലാകാരനാണ്,’ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി.

Content Highlight: India VS England: Irfan Pathan Praises K.L Rahul