രക്ഷകനില്ലാതെ ഇന്ത്യ; ബുംറയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍!
Sports News
രക്ഷകനില്ലാതെ ഇന്ത്യ; ബുംറയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th June 2025, 9:32 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലീഡ്സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. ബെന്‍ ഡക്കറ്റാണ് കളിയിലെ താരം.

സ്‌കോര്‍

ഇന്ത്യ – 471 & 364

ഇംഗ്ലണ്ട് – 465 & 373/5

ടാര്‍ഗറ്റ് – 371

എന്നാല്‍ തോല്‍വിക്ക് പുറകെ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള പുതിയ വിവരം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ അഞ്ച് ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരത്തില്‍ മാത്രമേ കളിക്കുകയുള്ളൂ  ഗൗതം ഗംഭീര്‍ പറഞ്ഞത്. മത്സര ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗംഭീര്‍ ഈ കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ പരിക്ക് പറ്റിയ ബുംറ കുറച്ച് കാലം ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു. ഇതോടെ ഭാവിയില്‍ ഫിറ്റായിരിക്കാനും ക്രിക്കറ്റില്‍ തന്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ബുംറ ബി.സി.സി.ഐയോട് നേരത്തെ സംസാരിച്ചിരുന്നു. അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ബുംറ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ അഞ്ച് ടെസ്റ്റിലെ മൂന്ന് മത്സരങ്ങളില്‍ ഇടവിട്ടായിരിക്കും ബുംറയുടെ സേവനം ഇന്ത്യയ്ക്ക് ലഭിക്കുക.

ബൗളിങ്ങില്‍ ഇന്ത്യയുടെ വജ്രായുധമായ ബുംറ ഇല്ലെങ്കില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷക്ള്‍ വീണ്ടും മങ്ങുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ ബുംറയ്ക്ക് പകരം ആരാവും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുക എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചിന്തിക്കുന്നത്.

നിര്‍ണായക രണ്ടാം ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ ജെയ്‌സ്വാളിനെ നാല് റണ്‍സിന് കീഴ്‌പ്പെടുത്തി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു. സായി സുദര്‍ശന്‍ 30 റണ്‍സിനും മടങ്ങിയതോടെ ഏറെ പ്രതീക്ഷ നല്‍കിയ ക്യാപ്റ്റന്‍ ഗില്‍ എട്ട് റണ്‍സിനും പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടി സമ്മാനിച്ചു. മധ്യ നിരയില്‍ പന്ത് പിടിച്ചുനിന്നെങ്കിലും കരുണ്‍ നായരെ (20) പുറത്താക്കിക്കൊണ്ട് ഇംഗ്ലണ്ട് വലിയ ബ്രേക്ക് നേടുകയായിരുന്നു. പിന്നീട് മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 25 റണ്‍സ് നേടി പുറത്താക്കാതെയും നിന്നിരുന്നു.

ഇംഗ്ലണ്ടിനുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡന്‍ കാര്‍സും ജോഷ് ടംഗുമാണ്. മൂന്ന് വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഷോയിബ് ബഷീര്‍ പന്തിന്റെയുള്‍പ്പടെ രണ്ട് വിക്കറ്റുകള്‍ നേടി നിര്‍ണായക പങ്കുവഹിച്ചു. ക്രിസ് വോക്‌സും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റുകളും നേടി.

രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ  ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ച്വറി പ്രകടനത്തിലാണ് ഇംഗ്ലണ്ട് വിജയതീരത്ത് എത്തിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്. സാക്ക് ക്രോളി 65 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് ജോ റൂട്ടിന്റെയും ജയ്മി സ്മിത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ട് 53* റണ്‍സും സ്മിത് 44* റണ്‍സുമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും ഷര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റുകള്‍ നേടി.

Content Highlight: India VS England: Indian head coach Gautam Gambhir has given an update on star bowler Jasprit Bumrah