വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഹീഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 74 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ്. 158 പന്തില്‍ നിന്ന് ഒരു സിക്‌സും 16 ഫോറും ഉള്‍പ്പടെ 101 റണ്‍സാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.
അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. താരം നേരിട്ട 140ാം പന്തില്‍ ഫോര്‍ നേടി 102 റണ്‍സ് നേടിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ടെസ്റ്റില്‍ തന്റെ അഞ്ചാം സെഞ്ച്വറിയാണ് ഗില്‍ നേടുന്നത്. മാത്രമല്ല ടെസ്റ്റില്‍ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ ഒരു സൂപ്പര്‍ നേട്ടവും ഗില്‍ സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ ക്യാപ്റ്റനായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമനാകാനാണ് ഗില്ലിന് സാധിച്ചത്.
നിലവില്‍ ഗില്ലിനൊപ്പം ബാറ്റ് ചെയ്യുന്ന റിഷബ് പന്ത് 71 പന്തില്‍ നിന്ന് 41 റണ്‍സും നേടി ക്രീസിലുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ബ്രൈഡന്‍ കാഴ്‌സ് ഓഫ് സൈഡില്‍ എറിഞ്ഞ പന്തില്‍ രാഹുല്‍ സൈഡ് എഡ്ജായി സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായിരുന്നു. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.