ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ അഞ്ചാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 95 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് നേടിയത്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 669 റണ്‍സ് മറികടന്നില്ലെങ്കിലും ലീഡിന് വേണ്ടി പൊരുതുന്ന ഇന്ത്യക്ക് ഇന്നത്തെ ദിവസം പിടിച്ചു നിന്നാല്‍ മത്സരം സമനിലയിലാക്കാന്‍ സാധിക്കും. അതേസമയം ഇന്ത്യയെ ഓള്‍ഔട്ട് ചെയ്താല്‍ ഇംഗ്ലണ്ടിന് വിജയം നേടാനും സാധിക്കും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍ രാഹുലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്. രാഹുല്‍ 238 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 90 റണ്‍സും ഗില്‍ 238 പന്തില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 103 റണ്‍സും നേടി മിന്നിത്തിളങ്ങിയാണ് പുറത്തായത്. 0/2 എന്ന നിലയില്‍ യശസ്വി ജെയ്‌സ്വാളിനെയും സായി സുദര്‍ശനെയും നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയ മികച്ച കൂട്ടുകെട്ടായിരുന്നു ഗില്ലിന്റെയും രാഹുലിന്റെയും.
ഇതിനെല്ലാം പുറമെ സെഞ്ച്വറി നേടിയതോടെ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാനും ക്യാപ്റ്റന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ സുനില്‍ ഗവാസ്‌കര്‍, ഡോണ്‍ ബ്രാഡ്മാന്‍ എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമെത്താനും ഗില്ലിന് കഴിഞ്ഞു.
𝙄. 𝘾. 𝙔. 𝙈. 𝙄
Joint-most hundreds 💯 in a Test series by a captain 👏 👏
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലാം സെഞ്ച്വറിയാണ് ഗില്‍ തന്റെ പേരില്‍ കുറിച്ചത്. മാത്രമല്ല ഒരു ഡബിള്‍ സെഞ്ച്വറിയും ഗില്‍ പരമ്പരയില്‍ നേടിയിരുന്നു. കൂടാതെ തന്റെ 25ാം വയസില്‍ 18 അന്താരാഷ്ട്ര സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാനും ഗില്ലിന് സാധിച്ചു.
മാഞ്ചസ്റ്ററില്‍ നടക്കുന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ താരം എന്ന നേട്ടവും ഗില്‍ ഇതിനോടകം തന്റെ അക്കൗണ്ടിലാക്കി. മാത്രമല്ല ഇന്ത്യക്ക് വേണ്ടി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനും ഗില്ലിനായി. ഒമ്പത് സെഞ്ച്വറികള്‍ നേടി രോഹിത് ശര്‍മയ്‌ക്കൊപ്പമാണ് താരം റെക്കോഡ് നേട്ടത്തില്‍ ഇടം നേടിയത്.
അതേസമയം നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 82 പന്തില്‍ 31 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും 19 പന്തില്‍ 13 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ്.
Content Highlight: India VS England: Indian Captain Shubhman Gill In Great Record Achievement