യെന്റമ്മോ വീണ്ടും റെക്കോഡ്...ഗില്ലിന്റെ താണ്ഡവത്തില്‍ പിറന്നത് നേട്ടങ്ങളുടെ മഴ; ഇംഗ്ലണ്ടില്‍ ക്യാപ്റ്റന്റെ ആറാട്ട്!
Cricket
യെന്റമ്മോ വീണ്ടും റെക്കോഡ്...ഗില്ലിന്റെ താണ്ഡവത്തില്‍ പിറന്നത് നേട്ടങ്ങളുടെ മഴ; ഇംഗ്ലണ്ടില്‍ ക്യാപ്റ്റന്റെ ആറാട്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th July 2025, 8:35 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുകയാണ് ഇന്ത്യ. നിലവില്‍ ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 68 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്.

ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കാഴ്ചവെക്കുന്നത്. 130 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 100 റണ്‍സാണ് താരം നേടിയിരിക്കുന്നത്. നേരിട്ട 129ാം പന്തിലാണ് ഗില്‍ തന്റെ 17ാം ഇന്റര്‍നാഷണല്‍ സെഞ്ച്വറി നേടിയത്.

ഏകദിനത്തില്‍ എട്ട് സെഞ്ച്വറിയുള്ള താരം ടെസ്റ്റില്‍ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. ടി-20യില്‍ താരത്തിന് ഒരു സെഞ്ച്വറിയാണുള്ളത്. റെഡ്‌ബോളില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തതോടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കൊപ്പം ഒട്ടനവധി റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.

ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് 350 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാം താരം (ആദ്യ താരം രോഹിത് ശര്‍മ, ഒമ്പത് സെഞ്ച്വറി), 54 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടുന്ന ഇന്ത്യന്‍ താരം എന്നിങ്ങനെ റെക്കോഡ് മഴയാണ് ഗില്ലിന്റെ പ്രകടനത്തില്‍ പെയ്തിറങ്ങിയത്.

ഗില്ലിന് പുറമെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് മടങ്ങിയത്. 58 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സായിരുന്നു പന്ത് നേടിയത്. നിലവില്‍ ഗില്ലിനൊപ്പം 68 പന്തില്‍ 25 റണ്‍സ് നേടി ജഡേജയാണ് ക്രീസിലുള്ളത്.

22 പന്തില്‍ 28 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റ് മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 84 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും നേടിയാണ് മടങ്ങിയത്. നാലാം ദിനത്തില്‍ കരുണ്‍ നായരെ ഇന്ത്യയ്ക്ക് 26 റണ്‍സിനും നഷ്ടമായി. ഇംഗ്ലണ്ടിന് വേണ്ടി നിലവില്‍ ജോഷ് ടംഗ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബ്രൈഡന്‍ കാഴ്‌സ്, ഷൊയിബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ഇന്ത്യ നേടിയ 587 റണ്‍സ് മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാക്കിയിരുന്നു. ആതിഥേയര്‍ക്കായി ജെയ്മി സ്മിത്തും ഹാരി ബ്രൂക്കുമാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. സ്മിത് 207 പന്തില്‍ പുറത്താകാതെ 184 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ബ്രൂക്ക് 234 പന്തില്‍ 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് മുഹമ്മദ് സിറാജായിരുന്നു. ആറ് വിക്കറ്റ് നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. 3.59 എക്കോണമിയില്‍ പന്തെറിഞ്ഞ സിറാജ് 70 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. ബാക്കി നാല് വിക്കറ്റുകളും സ്വന്തമാക്കിയത് ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ആകാശ് ദീപാണ്.

 

Content Highlight: India VS England: Indian Captain Sgubhman Gill In Great Record Achievement In Test Cricket