നിര്‍ണായക ടെസ്റ്റിന് മുമ്പേ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്
Cricket
നിര്‍ണായക ടെസ്റ്റിന് മുമ്പേ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st July 2025, 7:08 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നിര്‍ണായകമായ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂലൈ 23 മുതല്‍ 27 വരെയാണ് മത്സരം അരങ്ങേറുന്നത്. എന്നാല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

പരിശീലനഘട്ടത്തില്‍ പരിക്ക് പറ്റിയ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ പുറത്തായിരിക്കുകയാണ്. പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരവും താരത്തിന് നഷ്ടപ്പെടുമെന്നാണ് പുതിയ വിവരം. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് കാല്‍ മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

മാത്രമല്ല പരിശീലന സെഷനില്‍ സൂപ്പര്‍ പേസര്‍മാരായ ആകാശ് ദീപിനും അര്‍ഷ്ദീപ് സിങ്ങിനും പരിക്ക് പറ്റിയത് ഇന്ത്യന്‍ ക്യാമ്പില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ സീം ബൗളിങ്ങില്‍ അന്‍ഷുല്‍ കാംബോജിനെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

നിര്‍ണായകമായ നാലാം മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന കാര്യമാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബുംറ കളത്തിലിറങ്ങൂ എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

താരത്തിന്റെ ജോലി ഭാരം കുറയ്ക്കാനായിരുന്നു ഈ തീരുമാനം. എന്നാല്‍ താരം ലഭ്യമായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ബി.സി.സി.ഐ താരത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റും നല്‍കിയിട്ടില്ല. പരമ്പരയില്‍ ഇതുവരെ രണ്ട് ഫൈഫര്‍ ഉള്‍പ്പെടെ 12 വിക്കറ്റുകളാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ബുംറ നേടിയത്. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ബുംറ കളത്തിലിറങ്ങുകയാണെങ്കില്‍ ഇന്ത്യയ്ക്ക് കരുത്ത് കൂടും.

നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയര്‍ 1-2ന് മുന്നിലാണ്. ലീഡ്സിലും ലോര്‍ഡ്സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ലോര്‍ഡ്സില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യ ത്രീ ലയണ്‍സിന് മുന്നില്‍ തോല്‍വി വഴങ്ങിയത്.

Content Highlight: India VS England: India Facing Massive Setback