അടിച്ചുകൂട്ടിയ റണ്‍സില്‍ ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം!
Cricket
അടിച്ചുകൂട്ടിയ റണ്‍സില്‍ ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th July 2025, 10:09 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ അവസാന ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ലീഡ് നേടിയിരിക്കുകയാണ്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേടിയ 358 റണ്‍സിന്റെ മുകളില്‍ 669 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. നിലവില്‍ 137 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് ഇന്ത്യ നേടിയത്. 71 റണ്‍സിന്റെ ലീഡും സന്ദര്‍ശകര്‍ നേടി. ഇന്ത്യക്ക് ഇന്നത്തെ ദിവസം പിടിച്ചു നിന്നാല്‍ മത്സരം സമനിലയിലാക്കാന്‍ സാധിക്കും. അതേസമയം ഇന്ത്യയെ ഓള്‍ഔട്ട് ചെയ്താല്‍ ഇംഗ്ലണ്ടിന് വിജയം നേടാനും സാധിക്കും.

നിലവില്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യയ്ക്ക് ഒരു ചരിത്ര നേട്ടവും സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. എവേ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യ 3000 റണ്‍സ് മറികടക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ നാലാം ടെസ്റ്റിലാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഒരു എവേ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ 3000 റണ്‍സ് നേടിയിട്ടില്ല.

ഒരു എവേ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

ഇന്ത്യ VS ഇംഗ്ലണ്ട് – 3097* (2025)

ഇന്ത്യ VS വെസ്റ്റ് ഇന്‍ഡീസ് – 2942 (1953)

ഇന്ത്യ VS ഓസ്‌ട്രേലിയ – 2918 (1977-1978)

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ്. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. 182 പന്തില്‍ നിന്ന 76 റണ്‍സാണ് വാഷിങ്ടണ്‍ നേടിയത്. ജഡേജ 173 പന്തില്‍ നിന്ന് 89 റണ്‍സും നേടി. മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും ജഡ്ഡുവിന് സാധിച്ചിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍ രാഹുലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്. രാഹുല്‍ 238 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 90 റണ്‍സും ഗില്‍ 238 പന്തില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 103 റണ്‍സും നേടി മിന്നിത്തിളങ്ങിയാണ് പുറത്തായത്. 0/2 എന്ന നിലയില്‍ യശസ്വി ജെയ്‌സ്വാളിനെയും സായി സുദര്‍ശനെയും നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയ മികച്ച കൂട്ടുകെട്ടായിരുന്നു ഗില്ലിന്റെയും രാഹുലിന്റെയും.

Content Highlight: India VS England: India Achieve A Great Record In Away Test Series