സംഗക്കാരയുടെ റെക്കോഡെല്ലാം പഴങ്കഥയായി; ഇന്ത്യക്കെതിരെ റൂട്ട് സ്വന്തമാക്കിയത് വമ്പന്‍ റെക്കോഡ്!
Cricket
സംഗക്കാരയുടെ റെക്കോഡെല്ലാം പഴങ്കഥയായി; ഇന്ത്യക്കെതിരെ റൂട്ട് സ്വന്തമാക്കിയത് വമ്പന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st August 2025, 9:43 pm

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേരത്തെ 224 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു.

നിലവില്‍ മഴ കാരണം താത്കാലികമായി കളി നിര്‍ത്തിവെച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് നേടിയത്. ഓപ്പണറായ ബെന്‍ ഡക്കറ്റിനെ (38 പന്തില്‍ 43 റണ്‍സ്) പുറത്താക്കി ആകാശ് ദീപാണ് ഇന്ത്യക്കായി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് സാക്ക് ക്രോളിയെ 64 റണ്‍സിന് കൂടാരം കയറ്റാന്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും സാധിച്ചു. ശേഷം ഇറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ 22 റണ്‍സിനും ജോ റൂട്ടിനെ 29 റണ്‍സിനും പുറത്താക്കി മികച്ച പ്രകടനം കാഴ്ചവെച്ചത് ഇന്ത്യയുടെ മുഹമ്മദ് സിറാജാണ്. ഇരുവരെയും തകര്‍പ്പന്‍ എല്‍.ബി.ഡബ്ല്യൂവിലൂടെയാണ് താരം പുറത്താക്കിയത്. പുറത്തായെങ്കിലും ഇന്ത്യക്കെതിരെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം റൂട്ട് കളം വിട്ടത്.

ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ മറികടന്നാണ് റൂട്ട് നേട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, രാജ്യം, റണ്‍സ്, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 4795 – 111

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 4563 – 117

ജോ റൂട്ട് – ഇംഗ്ലണ്ട് – 4290 – 93

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 4287 – 103

ശേഷം ഇറങ്ങിയ ജേക്കബ് ബെഥല്‍ (6), ജെയ്മി സ്മിത് (8), ജെയ്മി ഓവര്‍ട്ടണ്‍ (0), ഗസ് ആറ്റ്കിന്‍സണ്‍ (11) എന്നിവരുടെയും വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

അതേസമയം ഇംഗ്ലണ്ട് പേസര്‍ ഗസ് ആറ്റ്കിന്‍സന്റെ മിന്നും ബൗളിങ് പ്രകടനത്തില്‍ കൂപ്പുകുത്തുകയായിരുന്നു ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍. അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഗസ് തകര്‍ത്താടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (2), ധ്രുവ് ജുറെല്‍ (19), വാഷിങ്ടണ്‍ സുന്ദര്‍ (26), മുഹമ്മദ് സിറാജ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരെയാണ് പേസര്‍ കൂടാരം കയറ്റിയത്.

ആറ്റ്കിന്‍സന് പുറമെ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ ജോഷ് ടങ്ങിന് സാധിച്ചപ്പോള്‍ പരിക്ക് പറ്റി പുറത്തായ ക്രിസ് വോക്‌സാണ് ശേഷിച്ച വിക്കറ്റ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മധ്യ നിരയില്‍ പിടിച്ചു നിന്നത് പരമ്പരയില്‍ ഇതുവരെ മികവ് പുലര്‍ത്താഞ്ഞ കരുണ്‍ നായരാണ്.

109 പന്തില്‍ നിന്ന് 57 റണ്‍സ് നേടി ജോഷ് ടങ്ങിന് ഇരയാവുകയായിരുന്നു കരുണ്‍. സായി സുദര്‍ശന്‍ 108 പന്തില്‍ നിന്ന് 38 റണ്‍സും നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ പൊരുതിയെങ്കലും 55 പന്തില്‍ നിന്ന് 26 റണ്‍സ് നേടാനും താരത്തിന് സാധിച്ചു.

Content Highlight: India VS England: Hoe Root In Great Record Achievement Against India