| Wednesday, 30th July 2025, 2:54 pm

വഡേക്കറുടെ ഇന്ത്യയും വിരാടിന്റെ ഇന്ത്യയും ചെയ്തുകാണിച്ചതാണ്; ഗില്ലിന്റെ ഇന്ത്യയ്ക്ക് അതിനാകുമോ?

ആദര്‍ശ് എം.കെ.

ഇന്ത്യന്‍ ആരാധകരുടെ കണ്ണും കാതും ഇനി ഓവലിലേക്ക്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ വിജയം മാത്രം പ്രതീക്ഷിച്ചാണ് ശുഭ്മന്‍ ഗില്ലും സംഘവും കളത്തിലിറങ്ങുന്നത്.

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഇതിന് മുമ്പ് ഒരിക്കല്‍പ്പോലും വിജയിക്കാന്‍ സാധിക്കാതെ പോയ എഡ്ജ്ബാസ്റ്റണില്‍ ഗില്ലും സംഘവും ചരിത്രം തിരുത്തിയെഴുതി.

ശുഭ്മന്‍ ഗില്‍

എഡ്ജ്ബാസ്റ്റണിലേതെന്ന പോലെ ഇതിന് മുമ്പ് ഒരു തവണ പോലും വിജയിക്കാത്ത മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്. അത്യധികം ആവേശവും നാടകീയതയും നിറഞ്ഞുനിന്ന മത്സരം സമനിലയില്‍ അവസാനിച്ചു. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ആറാം സമനിലയായിരുന്നു ഇത്.

ആരാധകരെ സംബന്ധിച്ച് ഈ റിസള്‍ട്ട് വിജയത്തേക്കാളേറെ മധുരമുള്ളതായിരുന്നെങ്കിലും സമനില സമനിലയായി മാത്രമേ അടയാളപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. നാലാം മത്സരം ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴും പരമ്പരയില്‍ ആതിഥേയര്‍ 2-1ന്റെ ലീഡ് തുടര്‍ന്നു.

മാഞ്ചസ്റ്ററില്‍ ഇന്ത്യയെ താങ്ങിനിർത്തിയ തൂണുകള്‍

വിഖ്യാതമായ ലണ്ടനിലെ ദി ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. ഇവിടെ വിജയിക്കാനാകാതെ പോയാല്‍ പരമ്പര നഷ്ടപ്പെടും. അതേസമയം, ഇംഗ്ലണ്ടിനാകട്ടെ, ഓവലില്‍ സമനില നേടിയാല്‍ പോലും പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി ജേതാക്കളാകാം.

ഓവലില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോഡ് അത്ര കണ്ട് മികച്ചതല്ല. എഡ്ജ്ബാസ്റ്റണിലെയും മാഞ്ചസ്റ്ററിലെയും പോലെയല്ല, ഇതിന് മുമ്പ് ഇന്ത്യ ഈ മണ്ണില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ അതാകട്ടെ വെറും രണ്ട് തവണ മാത്രവും.

ദി ഓവല്‍

ഓവലില്‍ ഇന്ത്യ ഇതുവരെ 15 മത്സരങ്ങള്‍ കളിച്ചു. രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലടക്കം ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങള്‍ സമനിലയിലുമായി.

1936ലാണ് ഇന്ത്യ ആദ്യമായി ഓവലില്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. അന്ന് ഒമ്പത് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. അടുത്ത രണ്ട് മത്സരത്തിലും (1946, 1952) സമനില നേടിയപ്പോള്‍ 1959ല്‍ വീണ്ടും പരാജയപ്പെട്ടു.

ഓവലില്‍ ആദ്യ മത്സരം കളിച്ച 35 വര്‍ഷത്തിന് ശേഷം, രണ്ട് പരാജയങ്ങള്‍ക്കും നേടിയെടുത്ത രണ്ട് സമനിലകള്‍ക്കും ശേഷം, 1971ല്‍ ഇന്ത്യ ആദ്യമായി ഓവലില്‍ വിജയം രുചിച്ചു. അജിത് വഡേക്കറിന് കീഴില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

അജിത് വഡേക്കർ

ശേഷം കളിച്ച അഞ്ച് മത്സരങ്ങള്‍ (1979, 1982, 1990, 2002, 2007) സമനിലയില്‍ അവസാനിച്ചപ്പോള്‍ അടുത്ത മൂന്നിലും (2011, 2014, 2018) തോറ്റു.

2021ല്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ഓവല്‍ കീഴടക്കി. 157 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയെടുത്തത്.

വിജയം നേടിയ ഇന്ത്യയുടെ ആഹ്ലാദം

എന്നാല്‍ ആ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നതായിരുന്നു ഈ വേദിയിലെ അടുത്ത ഫലം. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-2023 സൈക്കിളിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. 209 റണ്‍സിനാണ് ഇന്ത്യ മത്സരവും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും അടിയറവ് പറഞ്ഞത്.

ഇന്ത്യയെ തോല്‍പ്പിച്ച് ടെസ്റ്റ് കിരീടമണിഞ്ഞ ഓസ്ട്രേലിയ

ഓവലില്‍ വിജയം സ്വന്തമാക്കി തന്റെ ക്യാപ്റ്റന്‍സി കരിയറില്‍ പുതുചരിത്രം കുറിക്കാനാണ് ശുഭ്മന്‍ ഗില്‍ ഒരുങ്ങുന്നത്.

ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രകടനം – കണക്കുകളിലൂടെ

► ഉയര്‍ന്ന ടോട്ടല്‍ – 664/10 – ഓഗസ്റ്റ് 2007

► ചെറിയ ടോട്ടല്‍ – 94/10 – ഓഗസ്റ്റ് 2014

► എറ്റവും വലിയ വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍) – 157 റണ്‍സിന് – സെപ്റ്റംബര്‍ 2021

► ഏറ്റവും വലിയ വിജയം (വിക്കറ്റിന്റെ അതിസ്ഥാനത്തില്‍) – നാല് വിക്കറ്റിന് – ഓഗസ്റ്റ് 1971

► ഏറ്റവും വലിയ വിജയം (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍) –

► ഏറ്റവും വലിയ പരാജയം (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍) – ഇന്നിങ്‌സിനും 244 റണ്‍സിനും – ഓഗസ്റ്റ് 2014

► ഏറ്റവും വലിയ പരാജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍) – 118 റണ്‍സിന് – സെപ്റ്റംബര്‍ 2018

► ഏറ്റവും വലിയ പരാജയം (വിക്കറ്റിന്റെ അടിസ്ഥാനത്തില്‍) – ഒമ്പത് വിക്കറ്റിന് – ഓഗസ്റ്റ് 1936

► ഏറ്റവുമധികം റണ്‍സ് – രാഹുല്‍ ദ്രാവിഡ് -മൂന്ന് മത്സരത്തില്‍ നിന്നും 443 റണ്‍സ്

► ഉയര്‍ന്ന വ്യക്തിഗത സകോര്‍ – സുനില്‍ ഗവാസ്‌കര്‍ – (443 പന്തില്‍ നിന്നും 221 റണ്‍സ്) – സെപ്റ്റംബര്‍ 1979

► ഉയര്‍ന്ന ബാറ്റിങ് ശരാശരി – അനില്‍ കുംബ്ലെ – 125.00

► ഏറ്റവുമധികം സെഞ്ച്വറി – രാഹുല്‍ ദ്രാവിഡ് – രണ്ട് സെഞ്ച്വറി

► ഏറ്റവുമധികം അര്‍ധ സെഞ്ച്വറി – ഗുണ്ടപ്പ വിശ്വനാഥ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷര്‍ദുല്‍ താക്കൂര്‍ – മൂന്ന് വീതം

► ഏറ്റവുമധികം ഡക്ക് – അജിന്‍ക്യ രഹാനെ – മൂന്ന് എണ്ണം

► ഏറ്റവുമധികം സിക്‌സറുകള്‍ – എം.എസ്. ധോണി – അഞ്ച് എണ്ണം

► ഏറ്റവുമധികം വിക്കറ്റ് – രവീന്ദ്ര ജഡേജ – മൂന്ന് മത്സരത്തില്‍ നിന്നും 15 വിക്കറ്റ്

► ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ (ഇന്നിങ്‌സ്) – ഭഗവത് ചന്ദ്രശേഖര്‍ – 6/38 – ഓഗസ്റ്റ് 1971

► ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ (മാച്ച്) – ഭഗവത് ചന്ദ്രശേഖര്‍ – 8/114 – ഓഗസ്റ്റ് 1971

► ഏറ്റവുമധികം ഫൈഫര്‍ – മുഹമ്മദ് നിസാര്‍, സുരേന്ദ്ര നാഥ്, ഭഗവത് ചന്ദ്രശേഖര്‍, ഹര്‍ഭജന്‍ സിങ് – ഓരോന്ന് വീതം

► ഏറ്റവുമധികം ടെന്‍ഫര്‍

► ഏറ്റവുമധികം ഡിസ്മിസ്സലുകള്‍ – റിഷബ് പന്ത് – 8

► ഏറ്റവുമധികം ക്യാച്ചുകള്‍ – സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍, കെ.എല്‍. രാഹുല്‍ – നാല് ക്യാച്ചുകള്‍ വീതം.

► ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് – സുനില്‍ ഗവാസ്‌കര്‍ & ചേതന്‍ ചൗഹാന്‍ – 213 റണ്‍സിന്റെ ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് – സെപ്റ്റംബര്‍ 1979

► ഏറ്റവുമധികം മത്സരങ്ങള്‍ – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അജിന്‍ക്യ രഹാനെ , ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി – നാല് മത്സരങ്ങള്‍ വീതം

► ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം മത്സരം – എം.എസ്. ധോണി, വിരാട് കോഹ്‌ലി – രണ്ട് മത്സരം വീതം.

Content highlight: India vs England: History of India in Oval

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more