ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം അങ്കത്തിന് കളമൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.
ഇംഗ്ലണ്ടിന്റെ മിന്നും ബാറ്റര്‍ ഹാരി ബ്രൂക്ക് മത്സരത്തിന് മുന്നോടിയായി സംസാരിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അത്ഭുതകരമായ ടൂര്‍ണമെന്റാണെന്ന് പറയുകയാണ് താരം. മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള കഠിനമായ ടൂര്‍ണമെന്റാണ് ഐ.പി.എല്‍ എന്നും ബ്രൂക്ക് പറഞ്ഞു. മാത്രമല്ല ഐ.പി.എല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തെ വര്‍ഷത്തെ ബാന്‍ ലഭിച്ച ബ്രൂക്കിന് ഭാവിയില്‍ ഐ.പി.എല്‍ കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
‘ഐ.പി.എല്‍ ഒരു അത്ഭുതകരമായ ടൂര്‍ണമെന്റാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള കഠിനമായ ക്രിക്കറ്റ്. അത്രയും ശക്തമായ കാണികളും. ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ടൂര്‍ണമെന്റാണിത്. ഭാവിയില്‍ ഐ.പി.എല്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ തല്‍ക്കാലം, ഇംഗ്ലണ്ടിന്റെ ചുമതലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ സോണിയ സ്‌പോര്‍ട്‌സില്‍ ബ്രൂക്ക് പറഞ്ഞു.
2025ലെ ഐ.പി.എല്‍ മെഗാ ലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 6.25 കോടിക്ക് ഹാരിയെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ദേശീയ ടീമിനായുള്ള തന്റെ പ്രതിബദ്ധതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഹാരി ബ്രൂക്ക് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഐ.പി.എല്‍ വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു. ശേഷം ബ്രൂക്ക് സിംബാബ്‌വെയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ മത്സരങ്ങളില്‍ കളിച്ചിരുന്നു.
അതേസമയം ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബ്രൂക്കിന് സാധിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 99 റണ്‍സ് നേടിയാണ് ബ്രൂക്ക് തന്റെ കഴിവ് പുറത്തെടുത്തത്. വെറും ഒരു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും താരത്തിന്റെ നിര്‍ണായക ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ വലിയ രീതിയില്‍ സഹായിച്ചിരുന്നു.