ഇംഗ്ലണ്ടിനെതിരെ ആ രണ്ടുപേരെയും ഉറപ്പായും കളിപ്പിക്കണം; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്
Sports News
ഇംഗ്ലണ്ടിനെതിരെ ആ രണ്ടുപേരെയും ഉറപ്പായും കളിപ്പിക്കണം; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th June 2025, 8:57 pm

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരങ്ങളില്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. മാത്രമല്ല ഏത് പിച്ചാണെങ്കിലും വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് ഇരു താരങ്ങള്‍ക്കുമുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല രണ്ട് സ്പിന്നര്‍മാരേയും മൂന്ന് സീമര്‍മാരേയും ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും അനുയോജ്യമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കണം. തീര്‍ച്ചയായും ജഡേജയും അദ്ദേഹത്തോടൊപ്പം പന്തെറിയും. അതിനാല്‍, രണ്ട് സ്പിന്നര്‍മാരും മൂന്ന് സീമര്‍മാരും ഈ മത്സരത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനമായിരിക്കും. സാഹചര്യങ്ങള്‍ മാറുമോ അതോ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമോ എന്ന് നമുക്ക് നോക്കാം. പിച്ച് സ്പിന്നിന് അനുകൂലമല്ലെങ്കില്‍ പോലും, വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള രണ്ട് ബൗളര്‍മാരാണിവര്‍ എന്ന് ഞാന്‍ കരുതുന്നു,’ ഹര്‍ഭജന്‍ പി.ടി.ഐയോട് പറഞ്ഞു.

2012ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ജഡേജ. 150 ഇന്നിങ്‌സില്‍ നിന്ന് 729 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പടെ 323 വിക്കറ്റുകളാണ് താരം നേടിയത്. അതേസമയം 2017ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ കുല്‍ദീപ് 46 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പടെ 56 വിക്കറ്റുകളാണ് നേടിയത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്

Content Highlight: India VS England: Harbhajan Singh Talking About Kuldeep Yadav And Ravindra Jadeja