വീഴ്ചകള്‍ സാങ്കേതിക പിഴവുകള്‍ മൂലമല്ല, ഇത് ആര്‍ക്കും സംഭവിക്കാം; സൂപ്പര്‍ താരങ്ങള്‍ക്ക് പിന്തുണയുമായി ഗ്രെഗ് ചാപ്പല്‍
Sports News
വീഴ്ചകള്‍ സാങ്കേതിക പിഴവുകള്‍ മൂലമല്ല, ഇത് ആര്‍ക്കും സംഭവിക്കാം; സൂപ്പര്‍ താരങ്ങള്‍ക്ക് പിന്തുണയുമായി ഗ്രെഗ് ചാപ്പല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st July 2025, 8:52 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണില്‍ നടക്കാനാരിക്കുകയാണ്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.

ആദ്യ ടെസ്റ്റില്‍ വരുത്തിയ പിഴവുകള്‍ പരിഹരിച്ചാവും രണ്ടാം അങ്കത്തിന് കളത്തിലിറങ്ങുന്നത്. ഫീല്‍ഡിങ്ങിലെ മോശം പ്രകടനം ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പ്രകടമായിരുന്നു. യശസ്വി ജെയ്‌സ്വാളും രവീന്ദ്ര ജഡേജയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ ജെയ്‌സ്വാളിന്റെയും ജഡേജയുടേയും ഫീല്‍ഡിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസീസ് ഇതിഹാസവുമായ ഗ്രെഗ് ചാപ്പല്‍.

ലീഡ്‌സില്‍ ജെയ്‌സ്വാളും ജഡേജയും ക്യാച്ചുകള്‍ കൈവിട്ടത് സാങ്കേതിക പിഴവുകളാണെന്ന് തോന്നുന്നില്ലെന്നും ഇത് ആര്‍ക്കും സംഭവിക്കാമെന്നും ചാപ്പല്‍ പറഞ്ഞു. മാത്രമല്ല അവര്‍ മികച്ച ഫീല്‍ഡര്‍മാരാണെന്നും ജെയ്‌സ്വാളിന് കൈയ്ക്ക് പരിക്കേറ്റതോ ആത്മവിശ്വാസക്കുറവോ സംഭവിച്ചിരിക്കുമെന്നും ഇതിഹാസം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയോടെ സ്‌പെഷ്യലിസ്റ്റ് സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് മുമ്പത്തെപ്പോലെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘ലീഡ്‌സില്‍ ഇന്ത്യ നിരവധി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. യശസ്വി ജെയ്സ്വാളും രവീന്ദ്ര ജഡേജയും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവര്‍ മികച്ച ഫീല്‍ഡര്‍മാരാണ്. അവരില്‍ ഞാന്‍ കണ്ട വീഴ്ചകള്‍ സാങ്കേതിക പിഴവുകള്‍ മൂലമല്ല, അവര്‍ ക്യാച്ചിലേക്ക് എത്തിയില്ല. ഇത് ആര്‍ക്കും സംഭവിക്കാം. എന്നിരുന്നാലും ജെയ്സ്വാളിന് ആത്മവിശ്വാസക്കുറവോ കൈയ്ക്ക് പരിക്കേറ്റതോ പോലെ തോന്നുന്നു.

മാത്രമല്ല വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയോടെ സ്‌പെഷ്യലിസ്റ്റ് സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് മുമ്പത്തെപ്പോലെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. ക്യാച്ചിങ് പരിശീലനത്തിന് ഗെയിം സാഹചര്യങ്ങളെ അടുത്ത് മനസിലാക്കാനും ഇത് കൂടുതല്‍ പ്രധാനമാണ്,’ ഗ്രെഗ് ചാപ്പല്‍.

Content Highlight: India VS England: Greg Chappell Talking About Yashasvi Jaiswal And Ravindra Jadeja